കൊല്ലം: പനി ബാധിച്ച മകനുമായി ആശുപത്രിയിലേക്ക് പോകും വഴി യൂത്ത് കോൺഗ്രസ് സമരത്തിന് ഫേസ് ബുക്ക് ലൈവിലൂടെ അഭിവാദ്യമർപ്പിച്ചതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റ്ചെയ്തു. സ്റ്റേഷൻ മാജ്യം ലഭിച്ച് ബിന്ദു കൃഷ്ണ മടങ്ങിവരുന്നതും കാത്ത് ഒമ്പതാം ക്ലാസുകാരനായ മകൻ രണ്ട് മണിക്കൂറോളം കാറിലിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ കൊല്ലം ചിന്നക്കടയിലാണ് സംഭവം. ജില്ലയിലെ പ്രവാസികളുടെ കുടുംബങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറാൻ നൽകിയ സങ്കട ഹർജിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൈക്കിളുകളിൽ ജില്ലാ ആസ്ഥാനത്തേക്ക് നടത്തുന്ന യാത്രയ്ക്കാണ് ബിന്ദു കൃഷ്ണ അഭിവാദ്യം നേർന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജും മറ്റ് രണ്ട് പ്രവർത്തകരും ചിന്നക്കടയിലേക്ക് നടന്നുവരുന്നത് കണ്ടാണ് ആശുപത്രിയേക്ക് പോകും വഴി ബിന്ദു കൃഷ്ണ അവിടെ ഇറങ്ങിയത്. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫേസ് ബുക്കിലൂടെ അഭിവാദ്യം നേർന്നത്. തിരികെ വാഹനത്തിലേക്ക് കയറാൻ തുടങ്ങുമ്പോൾ, പൊലീസ് അടുത്തെത്തി അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു..
വാഹനം ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനോട് മകനെ വീട്ടിലാക്കാൻ നിർദ്ദേശിച്ചാണ് പൊലീസിനൊപ്പം ബിന്ദു കൃഷ്ണ പോയത്. പക്ഷേ മിനിട്ടുകൾക്കുള്ളിൽ, വാഹനം ഓടിച്ചിരുന്ന പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ വാഹനത്തിൽ എന്ത് ചെയ്യണമെന്നറിയാതെ മകൻ തനിച്ചായി. വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മകന് സംരക്ഷണവുമായി ചിന്നക്കടയിലുമെത്തി. രണ്ട് മണിക്കൂറിന് ശേഷം ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഉൾപ്പെടെ ഇടപെട്ടാണ് ബിന്ദു കൃഷ്ണയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |