ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ വരുത്തിയ ഇളവിൽ, അങ്ങിങ്ങ് രൂപപ്പെട്ട ആൾക്കൂട്ടങ്ങൾ തലവേദനയുണ്ടാക്കിയെങ്കിലും ആലപ്പുഴ ജില്ലയിൽ കാര്യങ്ങൾ കൈവിട്ടില്ല. ഏഴ് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് നിയന്ത്രണങ്ങൾക്ക് കൃത്യമായ ലക്ഷ്മണരേഖ വരച്ചത്. വ്യക്തികൾ പാലിക്കേണ്ട അകലം സംബന്ധിച്ച ധാരണക്കുറവാണ് ചില പ്രദേശങ്ങളിൽ താളംതെറ്റിച്ചത്.
സർക്കാർ സ്ഥാപനങ്ങളിൽ മേലധികാരികളുടെ നിർദ്ദേശപ്രകാരം ജോലിക്ക് എത്തേണ്ടവരുടെ കൃത്യമായ വിവരങ്ങൾ നൽകിയിരുന്നതിനാൽ അതിനനുസരിച്ചാണ് ജീവനക്കാർ എത്തിയത്. റവന്യു വകുപ്പിൽ 46.8 ശതമാനം ജോലിക്കാർ ഹാജരായി.പഞ്ചായത്ത് വകുപ്പിന് ശുചീകരണത്തിന്റെ ചുമതല കൂടിയുള്ളതിനാൽ 70 ശതമാനത്തോളം പേർ ഡ്യൂട്ടിക്കെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 35 ശതമാനത്തിൽ മുകളിലായിരുന്നു ഹാജർനില.
കച്ചവട സ്ഥാപനങ്ങൾ പലതും തുറന്നെങ്കിലും സാധനങ്ങൾ വാങ്ങാൻ തിരക്ക് ഉണ്ടായില്ല.
സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ ദിവസങ്ങൾക്ക് ശേഷം നിരത്തിൽ പെട്ടെന്നുണ്ടായ വർദ്ധന പൊലീസിന് തലവേദനയായി. ഇത് രാവിലെ ചില്ലറ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ഉച്ചയോടെ കാര്യങ്ങൾ നിയന്ത്രണത്തിലായി.
കുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാ മാർഗമായ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത് ബുദ്ധിമുട്ടായി. പച്ചക്കറി കടകൾ, ബേക്കറികൾ തുടങ്ങിയവ തുറന്നു പ്രവർത്തിച്ചു. മീൻ മാർക്കറ്റുകൾ അടഞ്ഞു കിടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |