തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് നേരത്തെ നൽകിയ മാർഗരേഖ കർശനമായി പാലിക്കണമെന്ന കേന്ദ്ര ശാസനയെ തുടർന്ന്, കഴിഞ്ഞ ദിവസത്തെ ഇളവുകളിൽ പലതും സംസ്ഥാന സർക്കാർ പിൻവലിച്ചു. സംസ്ഥാനം പ്രഖ്യാപിച്ച ഇളവുകളിൽ പലതും കേന്ദ്ര ഉത്തരവിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും തിരുത്തൽ നിർദ്ദേശിച്ചും കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ്സെക്രട്ടറി ടോം ജോസിന് കത്തു നൽകിയ പശ്ചാത്തലത്തിലാണ് നടപടി.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉൾപ്പെടെ പങ്കെടുത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം അധികമായി അനുവദിച്ച ഇളവുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇളവുകൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവുകളിൽ ആശയക്കുഴപ്പമുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് കേന്ദ്ര ഇടപെടൽ. കേന്ദ്ര സെക്രട്ടറിയുടെ കത്ത് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റു ചെയ്തതോടെ വിഷയം രാജ്യമാകെ ചർച്ചാവിഷയമായിരുന്നു.
കേരളം ഏർപ്പെടുത്തിയതു പോലെ ചില അധിക ഇളവുകൾ പശ്ചിമബംഗാളും പഞ്ചാബും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഇരുസംസ്ഥാനങ്ങളും ഈ ഇളവുകൾ പിൻവലിച്ചു. പഞ്ചാബിൽ കാർഷിക മേഖലയ്‌ക്കു മാത്രം ഇളവ് അനുവദിക്കും. അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെലങ്കാന മേയ് ഏഴു വരെ നീട്ടി. രണ്ടാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്നു വരെ അധിക ഇളവുകൾ അനുവദിക്കേണ്ടെന്ന് ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങൾ തീരുമാനിക്കുകയും ചെയ്തു.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരത്തെ കത്തയച്ചിരുന്നു.
എന്നാൽ, കേന്ദ്രാനുമതി വാങ്ങിയാണ് ഇളവുകൾ അനുവദിക്കുന്നത് എന്നായിരുന്നു അന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പുതിയ നിയന്ത്രണം
(പഴയത് ബ്രായ്ക്കറ്റിൽ)
# ബാർബർ ഷോപ്പുകൾ തുറക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി മുടി വെട്ടാം (ശനി, ഞായർ ദിവസങ്ങളിൽ തുറക്കാം)
# ഹോട്ടലുകളിൽ നിന്ന് പാഴ്സൽ മാത്രം (രാത്രി 7 മണിവരെ ഭക്ഷണം വിളമ്പാം)
# ഓൺലൈൻ ഭക്ഷണ വിതരണം രാത്രി 9 വരെ മാത്രം
# ബൈക്കിൽ രണ്ടുപേർ പാടില്ല. (അനുമതി ഉണ്ടായിരുന്നു)
# കാറിലെ പിൻസീറ്റിൽ രണ്ടു യാത്രക്കാർക്ക് കേന്ദ്രാനുമതി തേടും. (പിൻസീറ്റിൽ രണ്ടുപേർക്ക് അനുമതി)
# ബസ് സർവീസ് ആരംഭിക്കാൻ നൽകിയ അനുമതി പിറ്റേന്നു തന്നെ സംസ്ഥാനസർക്കാർ പിൻവലിച്ചിരുന്നു.(കേന്ദ്രത്തിന്റെ കത്തിൽ ഇതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |