അമേരിക്കൻ ഐക്യനാടുകൾ കുടിയേറ്റക്കാരുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റക്കാർക്ക് യാത്രാവിലക്ക് മുതൽ പൂർണ നിരോധനം വരെ ഏർപ്പെടുത്തുന്ന നടപടിയാണ് ട്രംപ് തുടർന്നുവന്നത്. (വിവിധ തൊഴിലുകൾക്കായും,അമേരിക്കയിൽ സ്ഥിര താമസത്തിനായും എത്തുന്നവരാണ് കുടിയേറ്റക്കാരായി വിശേഷിപ്പിക്കപ്പെടുന്നത് ) ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം എല്ലാത്തരം കുടിയേറ്റക്കാരെയും പൂർണമായും വിലക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്. അദൃശ്യ ശക്തിയായ കൊവിഡിനെതിരെ പോരാടുവാനും,തൊഴിലവസരങ്ങൾ അമേരിക്കക്കാർക്ക് ഉറപ്പുവരുത്താനുമെന്നുള്ള ന്യായം പറഞ്ഞാണ് വിലക്കുകളുമായി മുന്നോട്ടുവന്നത്. ഏകദേശം ഒരു കോടിയിലധികം അമേരിക്കക്കാരാണ് കൊവിഡ് വ്യാപനം മൂലം തൊഴിൽരഹിതരായത്. എന്നാൽ വ്യാവസായികളുടെയും കൃഷിക്കാരുടെയും കടുത്ത എതിർപ്പു മൂലം പൂർണമായ വിലക്ക് ട്രംപിന് പിൻവലിക്കേണ്ടിവന്നിട്ടുണ്ട്. കുടിയേറ്റക്കാരുടെ പ്രത്യേകിച്ചും, അന്യദേശ തൊഴിലാളികളുടെ സംഭാവന അമേരിക്കയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിലും ആരോഗ്യരംഗത്തും വൻ കൃഷിയിടങ്ങളിലും ഇത്തരം തൊഴിലാളികളുടെ സേവനം ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ഇപ്പോൾ തന്നെ ഈ നിയമം പൂർണമായി നടപ്പിലാക്കിയാൽ കൊവിഡ് വൈറസിനെ നേരിടുന്നതിലും കടുത്ത തിരിച്ചടി നേരിടേണ്ടിവരും.
നിലവിൽ ഈ നിയമം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയില്ല. കാരണം സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് പ്രോസസിംഗ് രണ്ടുമാസത്തേക്കാണ് നിറുത്തിവച്ചിട്ടുള്ളത്. ഇതൊരു താത്‌കാലിക നടപടിയായി കണ്ടാൽ മതി. വൈകാതെ പിൻവലിക്കേണ്ടിവരും.എന്നാൽ ട്രംപിന്റെ കുടിയേറ്റത്തോടുള്ള നിഷേധാത്മക നിലപാട് എച്ച് 1 ബി വിസയിൽ ഉൾപ്പെടെ കുറവു വന്നതു പോലെ ഇന്ത്യക്കും ദോഷകരമായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പഠനങ്ങൾ കാണിക്കുന്നത് 2016-നും 2019-നും ഇടയിൽ കുടിയേറ്റ വിസയിൽ 25 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ്.
കൊവിഡ് വ്യാപനത്തെ നേരിടുന്നതിൽ ഉണ്ടായ ഭരണപരമായ പരാജയം മറച്ചുവച്ച് വംശീയ വികാരം അനുകൂലമാക്കി മാറ്റാനുള്ള ട്രംപിന്റെ തന്ത്രം കൂടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |