ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളെയെല്ലാം പിന്നിലാക്കിയെന്ന് സർവേഫലം. അമേരിക്ക ആസ്ഥാനമായുള്ള മോർണിംഗ് കൺസൾട്ടാണ് സർവേ നടത്തിയത്.
ലോകത്തെ പത്ത് പ്രമുഖ നേതാക്കളെ പിന്തള്ളിയാണ് മോദി ഒന്നാമത് എത്തിയതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു.68 പോയിന്റുകളാണ് മോദിക്ക് ലഭിച്ചത്. മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ് തൊട്ടുപിന്നിൽ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വളരെ താഴെയാണ്. ജനുവരി ഒന്നിനും ഏപ്രിൽ 14നും ഇടയിലായിരുന്നു സർവ്വേ.
അസാധാരണ സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ രാജ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.ട്വീറ്റിനൊപ്പം ഗ്രാഫും മന്ത്രി പങ്കുവച്ചു
മോദിയെ അഭിനന്ദിച്ച് ബിൽഗേറ്റ്‌സ്
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ് കത്തെഴുതി. കോവിഡ് പ്രതിരോധത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്റെ കാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് ബിൽ ഗേറ്റ്സിന്റെ കത്ത്.തക്കസമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചും ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പരിശോധനകൾ കർശനമാക്കിയതും ഫലവത്തായി എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |