കൊച്ചി: ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് വേണ്ടി 50 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നീക്കിവെച്ച തുകയിൽ നിന്ന് 50 കോടി രൂപയാണ് വനിതാ മതിലിന് വേണ്ടി ഉപയോഗിക്കുന്നത്. കേരളത്തിന്റെ ബജറ്റിൽ നീക്കിവെച്ച തുകയാണിതെന്നും ഉപയോഗിച്ചില്ലെങ്കിൽ നഷ്ടമാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വനിതാ മതിലിന് ചെലവായ തുകയുടെ കണക്ക് കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ മതിലിന് പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിശദീകരണത്തിനെതിരെ ഹെെക്കോടതി വിമർശനമുയർത്തി.
പ്രളയ പുനരുദ്ധാരണത്തിന് വൻതുക ആവശ്യമുള്ളപ്പോൾ ഏതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് കോടതി ചോദിച്ചു.
സാമ്പത്തിക വർഷത്തിന്റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |