ജീവൻ അപകടത്തിലായേക്കാമെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: കൊവിഡ് രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി എന്നത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും ഐ.സി.എം.ആർ ഇക്കാര്യത്തിൽ ദേശീയതലത്തിൽ പഠനം നടത്തുകയാണെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
' കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ ഇത് അംഗീകൃതമല്ല. ഇപ്പോൾ നടക്കുന്നത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രമാണ്. മാനദണ്ഡങ്ങൾ പാലിച്ച് ശരിയായ രീതിയിൽ ഈ ചികിത്സ നടത്തിയില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലായേക്കാം. അംഗീകാരമില്ലാതെ ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണെന്നും" അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിക്ക് പ്ലാസ്മാ തെറാപ്പി ചികിത്സ നൽകിയത് വിജയകരമായതായി റിപ്പോർട്ടുണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് അനുകൂല ഫലം ലഭിക്കുന്നുണ്ടെന്നും രോഗം ഭേദമായവർ പ്ലാസ്മ ദാനം ചെയ്യണമെന്നും കഴിഞ്ഞദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി കൊവിഡ് മുക്തർ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്. അതിനിടെ മുംബയിലും പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പ്ലാസ്മ തെറാപ്പി സംബന്ധിച്ച് വിശദീകരണം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |