കൊച്ചി : അന്യ സംസ്ഥാനങ്ങളിൽ കൊവിഡ് ഭീതിയിൽ ജോലിനോക്കുന്ന നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗനിർദ്ദേശം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരിലെ കൊവിഡ് രോഗ ബാധിതരായവരെ നാട്ടിലെത്തിച്ചു ചികിത്സിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
അന്യ സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന നഴ്സുമാരുടെ കാര്യത്തിൽ ആ സംസ്ഥാനങ്ങളുമായി സഹകരിച്ചു നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഏതെങ്കിലും തരത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമെങ്കിൽ നടപടിയെടുക്കാമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്തർസംസ്ഥാന യാത്ര അനുവദിക്കാൻ കഴിയില്ലെന്നും ഇത് കഴിയുന്നതോടെ തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |