തിരുവനന്തപുരം: ലോക്ക് ഡൗൺ 17വരെ നീട്ടിയെങ്കിലും ,വിദ്യാഭ്യാസസ്ഥാപനങ്ങൾ പരീക്ഷാനടത്തിപ്പിന് മാത്രമായി നിബന്ധനകൾ പാലിച്ച് തുറക്കാമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെച്ചൊല്ലി വിവാദം. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ മാർഗരേഖയിൽ വ്യക്തമായി പറഞ്ഞിട്ടുള്ള സാഹചര്യത്തിലാണിത്.
മുഖ്യമന്ത്രിയും ശനിയാഴ്ച ഇതേ കാര്യം പറഞ്ഞിരുന്നെങ്കിലും, പരീക്ഷാജോലികളാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തി. എന്നാൽ ,ഈ തിരുത്ത് കണക്കിലെടുക്കാതെ പരീക്ഷാനടത്തിപ്പിന് തുറക്കാമെന്ന് പറഞ്ഞാണ് ചീഫ്സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ ഉച്ചയോടെ ഇറങ്ങിയത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയുമടക്കം ഇത് ആശങ്കയിലാക്കി.വാർത്താലേഖകർ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും, ഉടനെ ക്രമീകരണമുണ്ടാകുമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
അദ്ധ്യാപകർക്ക് കർശന നിയന്ത്രണങ്ങൾ പാലിച്ച് സ്കൂളിലെത്തി വിദ്യാർത്ഥികളുടെ പ്രൊമോഷൻ ലിസ്റ്റും മറ്റും തയാറാക്കാൻ അനുമതി നൽകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കേണ്ട അദ്ധ്യാപകർക്ക് അതിനുള്ള അനുമതിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ്സെക്രട്ടറിയുടെ ഉത്തരവ് വന്നപ്പോൾ സ്ഥിതി മാറി.
പൊതുഗതാഗതം 17വരെ വിലക്കുകയും റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും കർശന നിയന്ത്രണം തുടരുകയും ചെയ്യുമ്പോൾ പരീക്ഷകളെങ്ങനെ നടത്തുമെന്നതിലാണ് അവ്യക്തത . ലോക്ക് ഡൗൺ പിൻവലിച്ച് പത്ത് ദിവസം കഴിഞ്ഞ് സി.ബി.എസ്.ഇ പരീക്ഷ നടത്തുമെന്നും അതേ മാതൃക സംസ്ഥാനങ്ങൾക്കും പിന്തുടരാമെന്നുമാണ് കേന്ദ്ര മാനവശേഷി മന്ത്രി അറിയിച്ചത്. ഇതനുസരിച്ച് പൊതുപരീക്ഷയ്ക്കായി ഈ മാസം 27വരെ കാത്തിരിക്കണം. സർവകലാശാലാ പരീക്ഷകൾ ജൂണിലേക്ക് നീളാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |