തിരുവനന്തപുരം: ജന്മനാടിന്റെ കരവലയത്തിലേക്ക് വന്നിറങ്ങുന്ന പ്രവാസികളെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്യാൻ കേരളം ഒരുങ്ങി. അബുദാബിയിൽ നിന്നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം ഇരുനൂറ് യാത്രക്കാരുമായി നാളെ നെടുമ്പാശേരിയിൽ നിലംതൊടുമ്പോൾ അതൊരു പുതിയ ചരിത്രമാവും. നാല് വിമാനങ്ങളിലായി 800പ്രവാസികളെയാണ് നാളെ നാട്ടിലെത്തിക്കുക.
നെടുമ്പാശേരിയിലും കരിപ്പൂരിലുമാണ് കൂടുതൽ വിമാനങ്ങളെത്തുക. എല്ലായിടത്തും എമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സാമൂഹ്യഅകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാവും പരിശോധനകൾ.
അരമണിക്കൂറിൽ ഇരുനൂറ് പേരുടെ ഇമിഗ്രേഷൻ, കസ്ററംസ് പരിശോധനകൾ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം വിമാനത്താവള ഡയറക്ടർ സി.വി.രവീന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
എംബസികളിൽ രജിസ്റ്റർ ചെയ്തതിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, തൊഴിൽ നഷ്ടമായവർ, ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ എന്ന ക്രമത്തിൽ മുൻഗണന നിശ്ചയിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ എംബസി സജ്ജീകരിച്ച പ്രത്യേക ആരോഗ്യപരിശോധനയ്ക്ക് വിധേയമാവണം. പനി, ചുമ, പ്രമേഹം, ശ്വാസകോശരോഗം എന്നിവയില്ലെന്ന് സത്യവാങ്മൂലം നൽകണം. തെർമൽസ്കാനറുപയോഗിച്ച് പരിശോധിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ യാത്രതടയും.
മടങ്ങിയെത്തുന്നവരെല്ലാം 14ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിനുള്ള സൗകര്യങ്ങൾ വിമാനത്താവളങ്ങൾക്കടുത്ത് ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്ക് ആശുപത്രികൾ ഏറ്റെടുത്തിട്ടുണ്ട്. ക്വാറന്റൈൻ ചെയ്യേണ്ടതെവിടെയെന്ന് ആരോഗ്യവകുപ്പ് നിശ്ചയിക്കും. രണ്ടരലക്ഷത്തോളം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം സജ്ജമാണ്. അയൽജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി സൗജന്യസർവീസ് നടത്തും.
വരവേൽപ്പിന് ഒരുക്കങ്ങൾ ഇങ്ങനെ
1)തിരുവനന്തപുരം
ആദ്യഘട്ടത്തിൽ ഇരുന്നൂറ് യാത്രക്കാരുമായി ഖത്തറിൽ നിന്നൊരു വിമാനമാണ് തിരുവനന്തപുരത്ത് എത്തുന്നത്. ആദ്യം സ്ക്രീനിംഗ് നടത്തും. ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിശദപരിശോധനയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ മുന്നിലെത്തിക്കും. കൂടുതൽ പരിശോധനാ കൗണ്ടറുകൾ തുറക്കും. എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തും. പ്രവാസികൾക്ക് കാത്തുനിൽക്കേണ്ടി വരില്ല. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുപോലുള്ള നടപടികളും പൂർത്തിയാക്കണം.
2)നെടുമ്പാശേരി
ആദ്യയാഴ്ച പത്ത് വിമാനങ്ങളിലായി 2150 യാത്രക്കാരെത്തും. കൂടുതൽ പരിശോധനാ കൗണ്ടറുകളുണ്ടാവും. മൂന്നുഘട്ടങ്ങളായി അണുവിമുക്തമാക്കൽ നടത്തും. അറൈവൽ ഹാളിൽ തെർമൽ സ്കാനറുകളുപയോഗിച്ച് വിശദപരിശോധന. തുണി കുഷ്യനുകൾ ഉണ്ടായിരുന്ന കസേരകളും മറ്റ് ഇരിപ്പിടങ്ങളും പൂർണമായും പ്ലാസ്റ്റിക് ആക്കി മാറ്റിയിട്ടുണ്ട്. അണുവിമുക്തമാക്കുന്നതിനുള്ള എളുപ്പത്തിനാണിത്.
3)കരിപ്പൂർ
ആദ്യയാഴ്ച നാലുവിമാനങ്ങളിൽ 800പേരെത്തും. ആരോഗ്യപ്രശ്നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലേയ്ക്ക് മാറ്റും. 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കൊവിഡ് കെയർ സെന്ററുകളൊരുക്കി. തിരിച്ചെത്തുന്നവർക്കെല്ലാം 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാണെന്ന് കളക്ടർ ജാഫർമാലിക് പറഞ്ഞു.
കൊച്ചിയിലേക്ക് നാല് കപ്പലുകൾ
പ്രവാസികളെ തിരിച്ചെത്തിക്കാൻ നാവികസേനയുടെ ജലാശ്വ, മഗാർ എന്നിവ മാലെ ദ്വീപിലേക്കും ദക്ഷിണനാവിക കമാൻഡിന്റെ ശാർദ്ദൂൽ, ഐരാവത് കപ്പലുകൾ ദുബായിലേക്കും പുറപ്പെട്ടു. കൊച്ചിയിലേക്ക് യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് മൂന്നുദിവസവും ദുബായിലെ ജബൽഅലി തുറമുഖത്തുനിന്ന് നാലുദിവസവും യാത്രയുണ്ട്. സാമൂഹ്യഅകലം പാലിച്ച് ജലാശ്വയിൽ 800, ശാർദ്ദൂലിലും മഗാറിലും 500പ്രവാസികളെ കൊണ്ടുവരാം. കൊച്ചി തുറമുഖത്തും പരിശോധനാ, ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |