കോഴിക്കോട്: തന്റെ മാതൃകാപുരുഷന് കീഴിൽ അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായി സംസ്ഥാനത്തെ ആദ്യ ആദിവാസി സിവിൽ സർവീസുകാരി ഉടനെത്തും. കുറിച്യ സമുദായത്തിലുള്ള വയനാട് പൊഴുന സ്വദേശി ശ്രീധന്യ സുരേഷാണ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായി എത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. എന്നാൽ മസൂറിയിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമെ ചുമതലയേൽക്കൂ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചുമതലയേൽക്കും.
ശ്രീധന്യ വയനാട്ടിൽ ട്രൈബൽ വകുപ്പിൽ പ്രൊമോട്ടറായി ജോലി ചെയ്യുമ്പോൾ അന്ന് സബ് കളക്ടറായിരുന്ന സാംബശിവ റാവു ടി.ആർ.ഡി.എം യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അദ്ദേഹത്തിന് ജനങ്ങൾ നൽകുന്ന ബഹുമാനം കണ്ടാണ് ശ്രീധന്യയിൽ സിവിൽ സർവീസ് മോഹം ഉദിക്കുന്നത്. സാംബശിവ റാവു ഇപ്പോൾ കോഴിക്കോട് കളക്ടറാണ്.
സിവിൽ സർവീസ് മോഹം ഉദിച്ചതോടെ ജോലി രാജിവച്ച് പഠനം തുടങ്ങി. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടി. കൂലിപ്പണിക്കാരനായ അച്ഛൻ സുരേഷിനും അമ്മ കമലയ്‌ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് ഡൽഹിയിലേക്കയക്കാൻ പോലും പണമുണ്ടായിരുന്നില്ല. കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയാണ് ഇന്റർവ്യൂവിന് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |