ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാകാനുള്ള താത്പര്യം പരസ്യമായി പ്രകടിപ്പിച്ച് മുൻ അതിവേഗ പാക്കിസ്ഥാൻ പേസർ ഷോയ്ബ് അക്തർ.സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായ ‘ഹലോ’യിലെ ഒരു അഭിമുഖത്തിലാണ് അക്തർ മനസു തുറന്നത്.
തന്റെ അനുഭവത്തിൽ നിന്ന് പഠിച്ചെടുത്ത കാര്യങ്ങൾ പുതിയ താരങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. ബോളിംഗ് പരിശീലകനാക്കിയാൽ ഇപ്പോഴുള്ളതിനേക്കാൾ മികച്ച പേസർമാരെ ഇന്ത്യൻ ടീമിന് സമ്മാനിക്കാമെന്നും അക്തർ വാഗ്ദാനം ചെയ്തു. ഭാവിയിൽ ഇന്ത്യൻ ബൗളർമാരെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടോ എന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അക്തർ.
‘ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആക്രമണകാരികളും അതിവേഗക്കാരുമായ ബൗളർമാരെ ഞാൻ ഇന്ത്യൻ ക്രിക്കറ്റിന് നൽകാമെന്ന് ഞാൻ ഉറപ്പു നൽകാം’ – അക്തർ പറഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ താൻ കളിച്ചിരുന്ന ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും അക്തർ പങ്കുവച്ചു.
അടുത്തിടെ കൊവിഡ് പ്രതിരോധത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കണമെന്ന അക്തറിന്റെ അഭിപ്രായം കപിൽ ദേവ് ഉൾപ്പടെയുള്ള ഇന്ത്യൻ നിര തള്ളിക്കളഞ്ഞിരുന്നു.
ആദ്യമായി സച്ചിൻ ടെൻഡുൽക്കറിനെ കണ്ട സമയത്ത്, അദ്ദേഹത്തിന് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനം മനസിലാക്കിയിരുന്നില്ലെന്നും അക്തർ വ്യക്തമാക്കി. 1998ലെ പരമ്പരയ്ക്കിടെയാണ് ആദ്യമായി സച്ചിനെ കണ്ടതെന്ന് അക്തർ പറഞ്ഞു.
‘1998ൽ ഞാൻ സച്ചിനെ കണ്ടിരുന്നു. പക്ഷേ, ഇന്ത്യക്കാർക്ക് അദ്ദേഹം ഇത്ര വലിയ സംഭവമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ചെന്നൈയിൽ കളിക്കാൻ ചെന്നപ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യൻ ആരാധകർക്കിടയിൽ ‘ദൈവം’ എന്ന വിളിപ്പേരു കൂടി ഉണ്ടെന്ന് അറിയുന്നത്. ഒരു കാര്യം ഞാൻ പറയാം, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സച്ചിൻ. 1998ലെ പരമ്പരയിൽ ഞാൻ അതിവേഗ ബാളുകളുമായി ഇന്ത്യൻ താരങ്ങളെ എതിരിട്ടപ്പോൾ എനിക്കൊപ്പം ആഘോഷിച്ചവരാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യയിൽ എന്നെ സ്നേഹിക്കുന്ന ഒട്ടേറെ പേരുണ്ട്’ – അക്തർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |