തിരുവനന്തപുരം: കടലിനക്കരെ കൊവിഡിന്റെ താണ്ഡവം കണ്ട പ്രവാസികൾ ഇന്നു മുതൽ ജന്മനാടിന്റെ ആശ്വാസതീരത്തേക്ക് വന്നണയും. ഗൾഫിൽ നിന്ന് 300 ലേറെ മലയാളികളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ ഇന്നെത്തും. ഇവരെ കൊണ്ടുവരാനായി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കേരളത്തിൽനിന്ന് ഗൾഫിലേക്ക് പോകും. ദുബായിൽ നിന്നുള്ള വിമാനം രാത്രി 9.40ന് കരിപ്പൂരിൽ എത്തും. അബുദാബിയിൽ നിന്നുള്ള വിമാനം അതേ സമയത്ത് നെടുമ്പാശേരിയിലും എത്തും. സാമൂഹ്യഅകലം പാലിക്കാൻ ഓരോ വിമാനത്തിലും 170 യാത്രക്കാർ വരയേ ഉണ്ടാവൂ.
ഗൾഫിലെ വിമാനത്താവളങ്ങളിൽ രോഗം തിരിച്ചറിയാനുള്ള ആന്റിബോഡി ടെസ്റ്റും തെർമൽ സ്കാനിംഗും നടത്തും. രോഗം ഇല്ലാത്തവർക്കുമാത്രമേ യാത്രാനുമതി നൽകൂ. പരിശോധനയ്ക്കായി യാത്രക്കാർ അഞ്ച് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശിച്ചു. നാട്ടിലെത്തിയാൽ 14 ദിവസം ആശുപത്രികളിലോ മറ്റ് കേന്ദ്രങ്ങളിലോ ക്വാറന്റൈനിൽ കഴിയാമെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം.
അതേസമയം സർക്കാർ ക്വാറന്റൈൻ 7 ദിവസമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. യാത്രക്കാർക്ക് രണ്ട് സെറ്റ് വീതം ട്രിപ്പിൾ ലെയർ മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റും ലഘുഭക്ഷണ കിറ്റും നൽകും. വിമാനത്തിലും ആരോഗ്യച്ചട്ടം പാലിക്കണം. മുഖാവരണം ധരിക്കണം. ശുചിത്വം പാലിക്കണം. ഇറങ്ങുന്ന വിമാനത്താവളങ്ങളിലും രോഗപരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലാക്കും. മറ്റുള്ളവരെ ആശുപത്രികളിലോ സർക്കാർ സംവിധാനങ്ങളിലോ ക്വാറന്റൈനിലാക്കും. ക്വാറന്റൈനു ശേഷമുള്ള പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചുവിടും.
ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിവരവ്
മലയാളി പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിവരവിനാണ് ഇന്ന് തുടക്കമാകുന്നത്. ഇതിനുമുമ്പ് കുവൈറ്റ് യുദ്ധകാലത്താണ് ഇത്രയും വലിയ മടങ്ങിവരവുണ്ടായത്. കൊവിഡ് രോഗത്തിന്റെ ദുരിതഭൂമിയിൽ നിന്ന് ചികിത്സയുടെയും കരുതലിന്റെയും സ്വന്തം മണ്ണിലേക്കാണ് പ്രവാസികൾ വന്നിറങ്ങുന്നത്. വരവേൽക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ഉറ്റവരും സുഹൃത്തുക്കളും ഒരുങ്ങിക്കഴിഞ്ഞു.
ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ജീവിതസുരക്ഷയും സംസ്ഥാനത്ത് സാമ്പത്തികസമൃദ്ധിയും ഉണ്ടാക്കിയ പ്രവാസികളെ ആദരവോടെയാണ് നാടും ഭരണകൂടവും കാണുന്നത്. കൊവിഡ്ഭീതിയിൽ വിദേശങ്ങളിൽ 94ഓളം പ്രവാസികൾ മരണമടഞ്ഞ വാർത്ത വേദനയോടെയാണ് കേരളം കേട്ടത്. ചികിത്സകിട്ടാതെ ദുരിതത്തിലായ പ്രവാസികളെയും ഒാരോ ആവശ്യത്തിനായി വിദേശത്തുപോയി കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയവരെയും രക്ഷപ്പെടുത്തി തിരിച്ചെത്തിക്കാൻ ജാതി,മത,രാഷ്ട്രീയ വേർതിരിവുകൾ മറന്ന് നാടൊന്നാകെ കൈകോർത്തതിന്റെ വിജയമാണിത്. 40 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളിൽ 4.42 ലക്ഷം പേരാണ് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തത്. ഇവരിൽ പകുതിയിൽ താഴെ ആളുകളെയാണ് തിരിച്ചുകൊണ്ടുവരാനൊരുങ്ങുന്നത്. ഇവർക്കായി വിപുലമായ നിരീക്ഷണ, ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്തൊരുക്കിയിരിക്കുന്നത്.
ഇന്നത്തെ രണ്ടു വിമാനങ്ങൾ മാറ്റി
ഇന്ന് വരേണ്ടിയിരുന്ന രണ്ട് വിമാനങ്ങളുടെ യാത്ര മറ്റു ദിവസങ്ങളിലേക്ക് മാറ്റി. രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി. റിയാദ്- കരിപ്പൂർ വിമാനത്തിന്റെ പുതുക്കിയ തീയതിയായില്ല. വിമാന ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തേണ്ടതു കൊണ്ടാണ് തീയതി മാറ്റിയത്.
7ദിവസം സർക്കാർ ക്വാറന്റൈൻ
ഗർഭിണികളെയും കുട്ടികളെയും വീടുകളിലേക്ക് അയയ്ക്കും
തിരുവനന്തപുരം: പ്രവാസികൾ ഏഴു ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ഏഴാം ദിവസം പി.സി.ആർ ടെസ്റ്റ് നടത്തും. ഫലം പോസിറ്റീവ് ആയാൽ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവർ വീടുകളിൽ പോയി ഏഴു ദിവസം കൂടി ക്വാറന്റൈനിൽ തുടരണം.
വിദേശത്തുനിന്നെത്തുന്ന ഗർഭിണികളെയും കുട്ടികളെയും രോഗമില്ലെങ്കിൽ വീടുകളിലേക്ക് വിടും. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇതെല്ലാം ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈൻ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. അത് സംസ്ഥാനം നിർവഹിക്കും. ആരോഗ്യവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മാത്രമേ ക്വാറന്റൈൻ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |