തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുന്ന പദ്ധതിയിൽ തിരുവനന്തപുരത്തിന് കൂടുതൽ പരിഗണന ആവശ്യപ്പെട്ട് ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്, സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തെഴുതി. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ നടപടിയുണ്ടാകണം.
വിദേശത്ത് കഴിയുന്ന ആറ്റിങ്ങൽ സ്വദേശികളെ സഹായിക്കാൻ കൊവിഡിന്റെ പശ്ചാത്തലത്തിൽ അടൂർ പ്രകാശ് എം.പി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെയർ പദ്ധതി തുടങ്ങിയിരുന്നു. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിലൂടെ ചികിത്സയും മറ്റുസഹായങ്ങളും ലഭിച്ചിരുന്നു. എം.പി.യുടെ നേതൃത്വത്തിൽ വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയാണ് ഇത് നടപ്പാക്കിയത്. യു. എ. ഇ, സൗദി അറേബ്യ ,ഖത്തർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ ആയിരങ്ങൾ അംഗങ്ങളായതിനെത്തുടർന്ന് കൂട്ടായ്മയുടെ പ്രവർത്തനം അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. വിദേശങ്ങളിലെ 15 ഒാളം ആശുപത്രികളിൽ ചികിത്സയും ലേബർ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാൻ ഇതിലൂടെ കഴിഞ്ഞു. കൂടാതെ ഡോ. സുൽഫി നൂഹുവിന്റെ നേതൃത്വത്തിൽ രോഗസംശയനിവാരണവും ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. നജീബിന്റെ നേതൃത്വത്തിൽ മാനസികാശ്വാസം പകരാനും നടപടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |