മുത്തങ്ങ (വയനാട്) : നൂറു കണക്കിന് മലയാളികൾ നാട് പിടിക്കുന്നതിനായി ഇന്നലെയും സാഹസപ്പെട്ട് അതിർത്തി പ്രദേശമായ മുത്തങ്ങയിലെത്തി. പാസുമായി എത്തിയവർക്ക് യഥാസമയം കേരളത്തിൽ കാലുകുത്താനായി. പാസില്ലാത്തവരെ മാനുഷിക പരിഗണനയിൽ താൽക്കാലിക പാസ് നൽകി കടത്തി വിട്ടു. കൽബുർഗ്ഗിയിൽ പഠിക്കുന്ന 24 മലയാളി വിദ്യാർത്ഥികളെ അവിടത്തെ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം പാസ് നൽകി കർണാടക ആർ.ടി.സി ബസിൽ മുത്തങ്ങയിലെത്തിച്ചു. ഇവരിൽ പാസില്ലാത്തവരെ താൽക്കാലിക പാസ് നൽകി വിട്ടു.
കുറച്ച് ദിവസങ്ങളായി വയനാട് ജില്ലയിൽ ഉച്ചക്ക് ശേഷം കനത്ത വേനൽമഴയാണ്. ആളുകളെ അതിർത്തിയിലെത്തിക്കുന്നതിനായി വൻ തുക വാങ്ങി പ്രവർത്തിക്കുന്ന സംഘവും പ്രവർത്തിക്കുന്നതായി അറിയുന്നു. കർണാടകയിലെ ഇഞ്ചിപാടങ്ങളിൽ ജോലിക്ക് പോയ ഗോത്രവർഗ്ഗക്കാർ വനമേഖലയിലൂടെ നടന്ന് പ്രവേശിക്കുന്നു.
മുത്തങ്ങയിലെ അതിർത്തി കടക്കാനായി ബന്ദിപ്പൂർ വനമേഖലയിലെ ഘോര വനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിവരെ നാൽപ്പതോളം പേർ നിന്നത് മഴ നനഞ്ഞാണ്.ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.ഇതിൽ തലപ്പാടി വഴിയുളള പാസാണ് ചിലരുടെ പക്കൽ ഉണ്ടായിരുന്നത്.ഇത്രയും ദൂരം സഞ്ചരിക്കാൻ ഇവരുടെ കൈവശം മതിയായ കാശും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് ഇവർ മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തിയത്.ഒാൺലൈൻ നടപടിക്രമങ്ങളിലെ കാലതാമസവും ഇടക്കിടെ മാറി മാറി വരുന്ന നിർദ്ദേശങ്ങളുണ്ടാക്കിയ ആശയക്കുഴപ്പം തുടങ്ങിയവയും പ്രശ്നം സൃഷ്ടിക്കുന്നു.
മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപത്തെ കല്ലൂർ മിനി ആരോഗ്യ കേന്ദ്രത്തിലെയും ഫെസിലിറ്റേഷൻ സെന്ററിലെയും തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ കൗണ്ടറുകൾ ഇന്ന് തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |