ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് മണിക്ക് എല്ലാ മുഖ്യമന്ത്രിമാരുമായും വിഡിയോകോൺഫറൻസ് നടത്തും.
ആശങ്ക രൂക്ഷമാക്കി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ, സമ്പൂർണ്ണ അടച്ച് പൂട്ടലിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിശ്ചലാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരണോ വേണ്ടയോയെന്ന് മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയാകും കേന്ദ്രം തീരുമാനമെടുക്കുക.
യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തുന്നത്. നാളെ കേന്ദ്ര മന്ത്രിമാരുമായും പ്രധാനമന്ത്രി തന്റെ വസതിയിൽ വച്ച് ചർച്ച നടത്തും.
സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക,ഹോട്ട്‌സ്‌പോട്ടുകളിലെ നിയന്ത്രണങ്ങൾ, കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചർച്ചചെയ്യും. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാൽ കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാനും സാദ്ധ്യതയുണ്ട്.
ചീഫ് സെക്രട്ടറിമാരുമായി കൂടികാഴ്ച
ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ആരോഗ്യ സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കൊവിഡ് കേസുകൾ കുത്തനെ കൂടിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഒരു യോഗം. വ്യവസായ യൂണിറ്റുകൾ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം. മിക്കവാറും എല്ലാം സംസ്ഥാനങ്ങളും റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകളുടെ വിഭജനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് സൂചന.
റെഡ് സോണുകളായ നഗരങ്ങളിൽ നിന്ന് കുടിയേറ്റത്തൊഴിലാളികൾ ട്രെയിനിലും നടന്നും നാട്ടിലേക്ക് പോകുന്നുണ്ട്. കൊവിഡ് പരിശോധനയില്ലാതെ ഇവർ തിരിച്ചെത്തിയാൽ ഗ്രീൻ സോൺ ഓറഞ്ച് സോണോ, റെഡ് സോണോ ആകാൻ സാദ്ധ്യതയുണ്ട്. അതിനാൽ സോൺ നിശ്ചയിക്കൽ രീതി മാറ്റണമെന്നും നിലവിലെ ഗ്രീൻ സോണുകളിൽ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ടെങ്കിൽ അവയെ റെഡ് സോണായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
ദിവസം 100 ട്രെയിനുകൾ
കുടിയേറ്റത്തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ ദിവസം നൂറു ട്രെയിനുകൾ വരെ ഓടിക്കാൻ ചീഫ് സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |