കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ലോകം ഇന്ന് നഴ്സസ് ദിനം ആചരിക്കുന്നത്. കേരളത്തിലുംഇന്ത്യയിലും ആരോഗ്യ സേവനരംഗത്ത് ഏറ്റവുമധികം പേർ ജോലിചെയ്യുന്ന മേഖലയാണ് നഴ്സിംഗ്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലാണ് വലിയ ശതമാനം നഴ്സുമാരുടെയും ജോലി. കേരളത്തിൽ നിന്നു മാത്രം പ്രതിവർഷം പതിനായിരത്തിലധികം വിദ്യാർത്ഥികൾ നഴ്സിംഗ് ഡിപ്ലോമയോ ബിരുദമോ നേടുന്നു. അതിലധികം പേർ കേരളത്തിനു പുറത്തു നിന്ന് പഠിച്ചിറങ്ങുന്നുണ്ട്. എന്നാൽ അർപ്പണബോധത്തോടും ആത്മാർത്ഥതയോടും കൂടി സേവനം നൽകുന്ന നഴ്സുമാർക്ക് സ്വകാര്യ മേഖലയിൽ പലയിടത്തും അർഹമായ വേതന വ്യവസ്ഥകളോ ജോലി സുരക്ഷയോ ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
'Nurses a voice to Lead Nursing the world to Health' എന്നതാണ് ഈ വർഷത്തെ നഴ്സിംഗ് ദിനത്തിന്റെ ആശയം. ആരോഗ്യപ്രവർത്തനം ഒരു കൂട്ടായ യത്നമാണ്. കൊവിഡ് പ്രതിരോധത്തിലും കൂട്ടായ പ്രവർത്തനമാണ് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുന്നത്. ഇതിൽ നഴ്സുമാരുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്. കൊവിഡിന് എതിരായ പോരാട്ടം തുടരുമ്പോൾ എന്തും നേരിടാനുള്ള ധൈര്യത്തോടെ നഴ്സുമാർ മുന്നണിപ്പോരാളികളായി അണിനിരക്കുന്നു. നിപ വൈറസിനെ ചെറുക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന പ്രിയപ്പെട്ട ലിനിയുടെ ഓർമ്മ ഈ നഴ്സസ് ദിനത്തിലും മനസ്സിൽ നൊമ്പരമാകുന്നു.
കൊവിഡ് പ്രതിരോധത്തിനിടയിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. സുരക്ഷാ ഉപകരണങ്ങൾ നൽകിക്കൊണ്ടു മാത്രമേ കൊവിഡ് രേഗികളെ ശുശ്രൂക്ഷിക്കാൻ നാം ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയുള്ളു. എന്നിട്ടും നഴ്സുമാർ, ജെ.എച്ച്.ഐമാർ തുടങ്ങിയവർക്ക് വൈറസ് ബാധയുണ്ടായി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നല്ല പരിചരണം നൽകിയതിനാൽ രോഗം ഭേദമായി. പ്രായംചെന്ന രോഗികളെ ശുശ്രൂക്ഷിക്കുന്നതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രേഷ്മയ്ക്ക് രോഗബാധയുണ്ടായത്. ചികിത്സയിലിരിക്കുമ്പോൾ രേഷ്മ പറഞ്ഞത് രോഗം ഭേദമായാൽ വീണ്ടും കൊവിഡ് വാർഡിൽ ജോലി ചെയ്യുമെന്നാണ്. ഇതുതന്നെയാണ് പാപ്പയും അനീഷും സന്തോഷും പറഞ്ഞത്.
നഴ്സസ് ദിനത്തിൽ ഇവർ നമ്മുടെ അഭിമാനമാവുകയാണ്. പല വിദേശരാഷ്ട്രങ്ങളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നഴ്സുമാർക്കും ഡോക്ടർമാർക്കും ജോലി ചെയ്യേണ്ടിവരുന്നുവെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. നമ്മുടെ രാജ്യത്തും മുംബയ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നഴ്സുമാർ ഇതേ സ്ഥിതി നേരിടുന്നതായി പറയുന്നുണ്ട്.
ആരോഗ്യമേഖലയുടെ വികസനത്തിന് ഈ സർക്കാർ അതീവ പ്രാധാന്യം നൽകുകയും പ്രാഥമികാരോഗ്യ മേഖല ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം സ്റ്റാഫ് നഴ്സിന്റെ 400 തസ്തികകൾ കൂടി സൃഷ്ടിച്ചതുൾപ്പെടെ ഈ സർക്കാരിന്റെ കാലയളവിൽ ആരോഗ്യ വകുപ്പിനു കീഴിൽ 937 സ്റ്റാഫ് നഴ്സ് തസ്തികകളും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 1054 തസ്തികകളും സൃഷ്ടിച്ചു. ഈ കൊവിഡ് കാലഘട്ടത്തിൽ എല്ലാ നഴ്സുമാരും സർക്കാരിനൊപ്പം മുന്നണിപ്പോരാളികളായി ഒപ്പം നിൽക്കുകയാണ്. നാടിനെ മഹാമാരിയിൽ നിന്ന് രക്ഷിക്കുന്നതിൽ ഇവരിൽ ഓരോരുത്തരുടെയും പ്രവർത്തനം വിലമതിക്കാനാവാത്തതാണ്. എല്ലാ നഴ്സുമാർക്കും നഴ്സസ് ദിനാശംസകൾ നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |