തൊടുപുഴ: കൊവിഡ് നിരീക്ഷണത്തിലായതിനാൽ അന്ന് അവസാനമായി പിതാവിനെ ഒരു നോക്ക് കാണാനാകാതെ പോയ ലിനോ, ഇപ്പോൾ തന്റെ ജീവിതസഖിയെ ഒപ്പം കൂട്ടുമ്പോഴും പ്രതിബന്ധമായുണ്ട് കൊവിഡ്.
കൊവിഡ് നിയമങ്ങൾ കർശനമായി പാലിച്ചതിന് മുഖ്യമന്ത്രിയടക്കം അഭിനന്ദിച്ച തൊടുപുഴ സ്വദേശി ലിനോ ആബേലാണ് ഇന്നലെ വിവാഹിതനായത്. കട്ടിലിൽ നിന്നുവീണ് പരിക്കേറ്റ പിതാവിനെ കാണാൻ മാർച്ച് ഏഴിനാണ് ഖത്തറിൽ നിന്ന് ലിനോ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. വിദേശത്തു നിന്നു വന്നതിനാൽ ആശുപത്രിയിൽ തന്നെ സ്വയം നിരീക്ഷണത്തിലായി. പിറ്റേന്ന് പിതാവ് മരിച്ചെങ്കിലും അവസാനമായി കാണാനാനായില്ല. മൃതദേഹവുമായി ആംബുലൻസ് പോകുന്നത് ആശുപത്രി ജനാലയിലൂടെ നോക്കിനിൽക്കേണ്ടി വന്നു. ലിനോയുടെ നാട്ടുകാരിയായ ഗീതു ബേബിയുമായുള്ള വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നതാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ ചട്ടങ്ങളും പാലിച്ച് ചടങ്ങ് നടത്താൻ രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
തൊടുപുഴ കലയന്താനി സെന്റ് മേരീസ് ദേവാലയത്തിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു പ്രിയസഖി ഗീതുവിനെ ലിനോ സ്വന്തമാക്കിയത്. പുരോഹിതരും അടുത്ത ബന്ധുക്കളുമുൾപ്പടെ 20ൽ താഴെ ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ഫോണിലൂടെ അറിയിച്ചത്. പങ്കെടുക്കുന്നതിലുള്ള ബുദ്ധിമുട്ടും അറിയിച്ചു. ഇതൊരറിയിപ്പായി കണക്കാക്കിയാൽ മതിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ലിനോയുടെ സന്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |