തിരുവനന്തപുരം: സാധാരണയിൽ കവിഞ്ഞ മഴയും ആഗസ്റ്റിൽ അതിവർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാവിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിൽ അടിയന്തര തയ്യാറെടുപ്പുകൾക്ക് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ക്വാറന്റൈൻ സൗകര്യങ്ങളുടേതിന് സമാന്തരമായി വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങളൊരുക്കും. കൊവിഡ്-19 വ്യാപന ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ചു പാർപ്പിക്കാനാവില്ല. പൊതുവായുള്ളവർ, പ്രായം കൂടിയവരും മറ്റു രോഗങ്ങൾ ഉള്ളവരും, കൊവിഡ് രോഗലക്ഷണമുള്ളവർ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ എന്നിങ്ങനെ നാലുതരത്തിൽ കെട്ടിടങ്ങൾ തയ്യാറാക്കണമെന്നാണ് ദുരന്തനിവാരണ അതോറിട്ടി കണക്കാക്കുന്നത്.
നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങുംമുമ്പ് നീക്കും. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല. സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വോളന്റിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകും.
നോൺസ്റ്റോപ്പ് ട്രെയിനുകൾ
മുംബയ്, കൊൽക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയലിനോടാവശ്യപ്പെട്ടു.ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ എത്തുന്നത് പല സ്ഥലങ്ങളിലും നിറുത്തിയിട്ടാണ്. ഇത് രോഗവ്യാപനം തടയാനുള്ള സർക്കാർനടപടികളെ നിഷ്ഫലമാക്കും.യാത്രക്കാർ ആരാണെന്ന് മനസിലാക്കിയില്ലെങ്കിൽ, രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തടസമാകും. അതിനാൽ സർക്കാരിന്റെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്കുമാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ബുക്കിംഗ് അനുവദിക്കാവൂ എന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |