ദീർഘദൂര യാത്രകൾ നടത്താൻ കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത് ട്രെയിനുകളായിരിക്കും. എന്നിരുന്നാൽപ്പോലും കഴിവതും ചിലർ ട്രെയിനുകളിലെ ടോയ്ലെറ്റുകൾ ഉപയോഗിക്കാതിരിക്കാൻ പരാമവധി ശ്രമിക്കാറുണ്ട്. ആദ്യകാലങ്ങളിൽ ട്രെയിനുകളിലെ ടോയ്ലറ്റുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ആ അവസ്ഥയിൽ നിന്ന് ഒരുപരിധി വരെ മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴും മിക്കവരും ഒരു അവസാന ആശ്രയമായിട്ട് മാത്രമേ ട്രെയിനുകളിലെ ടോയ്ലെറ്റുകൾ ഉപയോഗിക്കാറുളളൂ.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളിൽ ടോയ്ലെറ്റുകൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ട്രെയിനുകളിൽ ലോക്കോ പൈലറ്റുമാർ ഇരിക്കുന്ന ഭാഗത്ത് ടോയ്‌ലെറ്റ് ഉണ്ടോയെന്ന് നിങ്ങൾക്ക് അറിയാമോ? സാധാരണയായി എഞ്ചിൻ റൂമുകളിൽ ടോയ്‌ലെറ്റ് ഉണ്ടാകുകയില്ല. ലോക്കോ പൈലറ്റുമാർക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കേണ്ട അവസ്ഥ വന്നാൽ എന്തുചെയ്യുമെന്ന് അറിയാമോ?
ലോക്കോ പൈലറ്റുമാർ എപ്പോഴും അതത് സ്റ്റേഷനുകളിൽ റിഫ്രഷ് ചെയ്തതിനുശേഷമാണ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് അവർ പാലിക്കേണ്ട നിബന്ധനയാണ്. ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ടോയ്‌ലെറ്റ് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഈ പതിവ് റെയിൽവേ പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ലോക്കോ പൈലറ്റുമാർക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ അവർ കൺട്രോൾ റൂമിൽ അറിയിക്കും. തുടർന്ന് അടുത്ത സ്റ്റേഷനിൽ ട്രെയിനിനായി പ്രത്യേക സ്റ്റോപ്പ് അനുവദിക്കാനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ അപൂർവമാണ്. എന്നാൽ രാജധാനി, ഗരീബ് രഥ് അല്ലെങ്കിൽ തുരന്തോ പോലുളള ദീർഘദൂരം സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പ്രത്യേക ക്രമീകരണങ്ങൾ നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ലോക്കോ പൈലറ്റുമാർ കൺട്രോൾ റൂമിൽ നിന്ന് അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |