തൃപ്രയാർ: മുക്കുപണ്ടം പണയം വെച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ അഞ്ച് പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ലാലൂർ ചെറുപറമ്പിൽ സിന്ധു(39), മൂർക്കനിക്കര തലപ്പിള്ളി വീട്ടിൽ രോഷ്‌നി(31), മണലൂർ പാലാഴി കുണ്ടായിൽ വീട്ടിൽ നിഷ (35), അരിമ്പൂർ കിഴക്കുംപുറം വീട്ടിൽ അഖിൽ ബാബു, നെടുപുഴ പനമുക്ക് താഴത്തുവീട്ടിൽ സന്തോഷ് (40) എന്നിവരാണ് അറസ്റ്റിലായത്. മൈനാകം ഫിനാൻസിന്റെ വലപ്പാട് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. മാർച്ച് 20 മുതൽ മേയ് 13 വരെ എട്ടുതവണയായി സംഘം ഇവിടെ പണ്ടം പണയം വെച്ചിരുന്നു. സ്ഥിരമായി പണ്ടം പണയം വയ്ക്കുന്നതിൽ ഫിനാൻസ് മാനേജർക്ക് നേരത്തെ സംശയം തോന്നിയിരുന്നെങ്കിലും, ബുധനാഴ്ച സംഘത്തിലെ ഒരാൾ ഫോണിൽ വിളിച്ച് പണ്ടം പണയം വയ്ക്കാനുണ്ടെന്നും കൊണ്ടു വരട്ടെയെന്നും ചോദിച്ചു. സംശയം തോന്നിയ മാനേജർ ഇവർ പണയം വെച്ച പണ്ടങ്ങൾ എടുത്ത് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ഇതേത്തുടർന്ന് മാനേജർ വലപ്പാട് പൊലീസിലെത്തി പരാതി നൽകി. വൈകീട്ടാണ് സ്വർണ്ണവുമായി സംഘം വീണ്ടും സ്ഥാപനത്തിലെത്തിയത്. സംഘാംഗങ്ങളായ നിഷയും സിന്ധുവും മാനേജരുടെയടുത്തെത്തി സംസാരിച്ചു. പിന്നീട് പുറത്തുപോയി മറ്റുള്ളവരോടൊപ്പം പണയം വയ്ക്കാനുള്ള പണ്ടവുമായി തിരിച്ചെത്തി. അതിനിടയിൽ മാനേജർ പൊലീസിനെ വിവരമറിയിച്ചിരുന്നു. മാനേജർ സ്വർണ്ണാഭരണങ്ങൾ പരിശോധിക്കുന്നതിനിടെ പൊലീസെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘം സഞ്ചരിച്ചിരുന്ന ക്വാളിസ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വലപ്പാട് സി.ഐ കെ. സുമേഷ്, എസ്.ഐമാരായ വി.പി അരിസ്റ്റോട്ടിൽ, വിജു പൗലോസ്, എ.എസ്.ഐമാരായ സിജുകുമാർ, ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അസീസ് എൻ.കെ, സി.പി.ഒമാരായ ഉമേഷ് ഹുസൈൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |