കോലഞ്ചേരി: കൊവിഡു കാലത്ത് മടങ്ങിയെത്തിയ പ്രവാസികൾ ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ 'സ്‌കിൽ രജിസ്ട്രി ' മൊബൈൽ ആപ്ലിക്കേഷനാണ് സഹായി.
കേരള അക്കാഡമി ഫോർ എക്‌സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വർഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. ഇപ്പോൾ പ്രവാസികളുടെ തിരിച്ചുവരവോടെ ആപ്പ് വീണ്ടും സജീവമാക്കുകയാണ്.
ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ സർവ്വീസിംഗുകാരാണ്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിംഗ് തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്‌സുമാർ, വയോജന പരിപാലകർ, കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ എന്നിവർ ഈ സർവീസിലുൾപ്പെടും.
#സ്‌കിൽ രജിസ്ട്രി ആർക്കും ഉപയോഗപ്പെടുത്താം
പ്രവാസികൾക്ക് മാത്രമല്ല, ആർക്കും ഈ സേവനം ഉപയോഗപ്പെടുത്താം. മരപ്പണിക്കാരനോ, പ്ലംബറോ, ഇലക്ട്രീഷ്യനോ കെട്ടിടനിർമ്മാണ തൊഴിലാളിയോ ആരായാലും അവസരമുണ്ട്. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഈ ആപ്പ് ഉപയോഗപ്പെടുത്താം.
#രജിസ്റ്റർ ചെയ്യാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്ത് തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്റ്റർ ചെയ്യാം. തൊഴിൽ കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പരിശീലനം നേടിയവർ കോഴ്‌സ് സർട്ടിഫിക്കറ്റും അല്ലാത്തവർ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡംഗത്തിന്റെ സാക്ഷ്യപത്രവും സമർപ്പിക്കണം. സംശയങ്ങൾ പരിഹരിക്കുന്നതിന് സമീപത്തെ സർക്കാർ ഐ.ടി.ഐയിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |