നിർദ്ദേശങ്ങളുമായി തോട്ടവിള ഗവേഷണ കേന്ദ്രം
കായംകുളം: കാലവർഷക്കാലത്ത് തെങ്ങിൻ തൈകൾ നടാൻ മാർഗനിർദ്ദേശങ്ങളുമായി കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ) കായംകുളം പ്രാദേശിക സ്റ്റേഷൻ അധികൃതർ രംഗത്ത്. പത്താമുദയ സമയത്തു തെങ്ങിൻ തൈകൾ നടാൻ സാധിക്കാത്ത കർഷകർ പ്രദേശങ്ങൾക്കനുസൃതമായി നടീൽ സമയം തിരഞ്ഞെടുക്കണം.
വെള്ളക്കെട്ടുണ്ടാകാത്ത നിരപ്പായ സ്ഥലങ്ങളിൽ ഒരു മീറ്റർ നീളം, വീതി, ആഴമുള്ള കുഴികളെടുത്ത് മേയ് - ജൂൺ മാസങ്ങളിൽ തൈകൾ നടാം. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ നടുന്നവർ, ഈ സമയത്തു തൈകൾ വാങ്ങിയാൽ തന്നെയും ഉയരമുള്ള സ്ഥലങ്ങളിൽ കുഴിച്ചുവച്ചു സെപ്തംബർ - ഒക്ടോബർ മാസത്തോടെ നടുന്നതാണ് നല്ലത്. അല്ലെങ്കിൽ കൂനകളിൽ നടുകയോ ആഴം കുറച്ചു നട്ടശേഷം വർഷാവർഷം ചുവട്ടിൽ മണ്ണു കൂട്ടിക്കൊടുക്കുകയോ ചെയ്യണം. ചെങ്കൽ പ്രദേശങ്ങളിൽ ഒന്നേകാൽ മീറ്ററും ചൊരിമണൽ പ്രദേശമാണെങ്കിൽ 75 സെ. മീറ്ററും നീളം, വീതി ആഴമുള്ള കുഴികളെടുത്തു നടണം
# നിർദ്ദേശങ്ങൾ
നട്ടുകഴിഞ്ഞാൽ ചെല്ലിശല്യം ഒഴിവാക്കാൻ തിരിനാമ്പിനു താഴെയുള്ള രണ്ട് ഓലക്കവിളുകളിൽ പാറ്റാഗുളിക വച്ചുകൊടുക്കണം. തൈത്തെങ്ങുകളിൽ ചെല്ലിശല്യം കുറയ്ക്കാൻ നമ്പോലയ്ക്കു ചുറ്റും ചെറുകണ്ണികളുള്ള ഉടക്കുവല അയച്ചു ചുറ്റുന്നതും ഏറെ ഫലപ്രദമാണ്
കാലവർഷാരംഭത്തോടെ തന്നെ തെങ്ങിൻ തടം തുറക്കൽ ആരംഭിക്കാം. തെങ്ങിന് രണ്ടു മീറ്റർ ചുറ്റളവിൽ തടം തുറന്നതിനു ശേഷം ഒരു കിലോ കുമ്മായമോ ഡോളമൈറ്റോ തടത്തിൽ വിതറിക്കൊടുക്കാം. മണ്ണിലെ അമ്ലത അഥവാ പുളിരസം കുറയ്ക്കാൻ സഹായിക്കും. തെങ്ങിന് ചുറ്റും തടത്തിൽ 100 ഗ്രാം വൻപയർ വിത്ത് വിതയ്ക്കണം. 6- 8 ആഴ്ചകൾക്കു ശേഷം പുഷ്പിക്കുന്ന സമയത്ത് ഇത് പിഴുതു തടത്തിൽ ചേർത്ത് കൊടുക്കുന്നതിലൂടെ ഏകദേശം 25 കിലോ ജൈവവളം ലഭിക്കും. നൈട്രജന്റെ ലഭ്യത മണ്ണിൽ വർദ്ധിപ്പിക്കാനും ഇതു സഹായിക്കും
മൂന്ന് വർഷത്തിനു മുകളിൽ പ്രായമുള്ള എല്ലാ തെങ്ങുകൾക്കും വർഷം 1.1 കിലോ യൂറിയ, 1.5 കിലോ രാജ്‌ഫോസ്, 2 കിലോ പൊട്ടാഷ് എന്നിവ കൊടുക്കുന്നതിലൂടെ പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ സാന്നിദ്ധ്യം ഉറപ്പാക്കാം. ഇതിൽ മൂന്നിലൊരു ഭാഗം ഇപ്പോൾ മഴയുടെ തുടക്കത്തിൽ നൽകണം
മഴക്കാലത്തോടെ തെങ്ങിൽ എലി, ചെല്ലി ശല്യവും കുമിൾ രോഗങ്ങളും കൂടുതലാകാൻ സാദ്ധ്യതയുണ്ട്. മഴക്കാലം തുടങ്ങുന്നതിനു മുൻപായി തെങ്ങുകളുടെ മണ്ട വൃത്തിയാക്കുകയും ഒപ്പം പുരയിടത്തിലെ പാഴ് മരങ്ങളുടെ ശാഖകൾ വെട്ടിയൊതുക്കി കൂടുതൽ സൂര്യപ്രകാശം തെങ്ങുകൾക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണം. ഇത് മഴക്കാലത്ത് കീട രോഗങ്ങളുടെ ആധിക്യം കുറയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |