തൊടുപുഴ: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്റെ വീടിന്റെ മുകൾ നിലയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ. മൂന്നാറിലെ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിർമാണം പുരോഗമിക്കവേയാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന്റെ നടപടി. മൂന്നാറിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണം. അതില്ലാതെയായിരുന്നു വീടുപണി. കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ച് ഷീറ്റുകൾ പാകുന്ന പണിയാണ് നടന്നുവന്നത്. ഇന്നലെ രാവിലെ റവന്യൂ ഉദ്യോഗസ്ഥർ എത്തി നോട്ടീസ് നൽകുകയായിരുന്നു.
നിർമാണം, ഭൂമിയുടെ പട്ടയം എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാനഗറിൽ സർവേ നമ്പർ 912 ൽപ്പെടുന്ന എട്ട് സെന്റ് ഭൂമിയിലാണ് വീട്. നിർമ്മാണത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു.
നിയമവിരുദ്ധമല്ല
'ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് മനസിലാക്കാതെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. 5-5- 2018ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മേൽക്കൂര മാറ്റുന്നതിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ആവശ്യമില്ല. കൂടുതൽ നിർമാണങ്ങൾക്കാണ് എൻ.ഒ.സി. ഭൂമിക്ക് പട്ടയം ഉണ്ട്. മേൽക്കൂര കെട്ടാൻ പഞ്ചായത്ത് സെക്രട്ടറി അനുവാദം നൽകിയിരുന്നു. ഈ രേഖകളെല്ലാം സബ് കളക്ടർക്ക് നൽകിയിട്ടുണ്ട്. പില്ലറിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വീട് ചോരുന്നതിനാലാണ് റൂഫിംഗ് നടത്താൻ ശ്രമിച്ചത്.
സർക്കാർ ഉത്തരവ് മനസിലാക്കാതെ നടപടി സ്വീകരിച്ച സബ് കളക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കും"
-എസ്. രാജേന്ദ്രൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |