തൃശൂർ: വിവേകാനന്ദ സാഹിത്യസർവസ്വം' വെളിച്ചമാക്കി ആത്മീയതയുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രയ്ക്ക് ആരംഭം കുറിച്ച പുറനാട്ടുകര ശ്രീശാരദാ മഠത്തിലെ മണ്ണിൽ പ്രവ്രാജിക അജയപ്രാണ മാതായ്ക്ക് (93) അന്ത്യനിദ്ര. ഇന്നലെ രാവിലെ 8.15 മുതൽ 9.45 വരെ ശാരദാമഠത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ ശിഷ്യകളും പഴയ സുഹൃത്തുക്കളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മുതിർന്ന സന്യാസിനി വിമലപ്രാണ മാതായുടെ നേതൃത്വത്തിൽ ആരതി ചടങ്ങുകൾ നടന്നു. തിരുവനന്തപുരം ശാരദാ മഠത്തിലെ ചേതനപ്രാണ മാതാ, യോഗവ്രത പ്രാണ മാതാ, കോഴിക്കോട് ശാരദാ മഠത്തിലെ രാധാപ്രാണ മാത, വീരേശപ്രാണ മാതാ, എറണാകുളം ശാരദാ മഠത്തിലെ സുമേധാപ്രാണ മാതാ, സുധ പ്രാണ മാതാ, മാവേലിക്കര ശാരദാമഠത്തിലെ വിശ്വദേവപ്രാണ മാതാ, പുറനാട്ടുകര ശാരദാ മഠത്തിലെ ശിവമയപ്രാണ മാതാ, പ്രിയവ്രതപ്രാണ മാതാ എന്നിവർ പങ്കെടുത്തു.
10.45ന് വിമലപ്രാണ മാതായുടെ നേതൃത്വത്തിൽ ചിതയ്ക്ക് തീകൊളുത്തി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, സ്വാമി യതിവര്യാനന്ദ, സ്വാമി ദിവ്യലീലാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവർ സന്നിഹിതരായിരുന്നു.
കൊവിഡ് മാർഗ നിർദ്ദേശം പാലിച്ച് സംസ്‌കാര ചടങ്ങിൽ 20ൽ താഴെ പേരാണ് പങ്കെടുത്തത്.
കൊൽക്കത്ത ശ്രീശാരദാ മഠം, രാമകൃഷ്ണ ശാരദാമിഷൻ എന്നിവയുടെ മുൻ ആഗോള ഉപാദ്ധ്യക്ഷയും പുറനാട്ടുകര ശാരദാമഠം പ്രസിഡന്റുമായ അജയപ്രാണ മാതാ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സമാധിയായത്.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠൻ കുറൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളായ അമ്മുക്കുട്ടി തമ്പുരാട്ടി ഇരുപത്തിയഞ്ചാം വയസിൽ മഠത്തിലെ സ്കൂളിൽ അദ്ധ്യാപികയായതോടെയാണ് ആദ്ധ്യാത്മിക മേഖലയിലേക്ക് തിരിഞ്ഞത്. ശാരദാദേവിയുടെ പരിചാരികയും സിസ്റ്റർ നിവേദിതയുടെ ശിഷ്യയുമായ ഭാരതീപ്രാണയിൽ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |