കാസർകോട്: കൊവിഡ് ബാധിത പ്രദേശത്ത് പ്രവർത്തിക്കുന്ന കാസർകോട് ഭെൽ കമ്പനി മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ തീരുമാനം. ജീവനക്കാരുടെ പ്രതിഷേധം കേരള കൗമുദി വാർത്തയാക്കുകയും ജില്ലാ ഭരണകൂടം ഇടപെടുകയും ചെയ്തതോടെയാണ് ക്ലീനിംഗും അണുനശീകരണവും വേണ്ടെന്ന നിലപാട് അധികൃതർ ഉപേക്ഷിച്ചത്. കമ്പനി തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങൾ മുഴുവൻ ക്ലീൻ ചെയ്തു. ഓഫീസും വർക്ക് ഏരിയയും ഗേറ്റ് മുതൽ കമ്പനി പടിക്കൽ വരെയുള്ള വഴിയും അണുനശീകരണം നടത്തി.
പുറത്തുനിന്നുള്ളവർ കൂടുതലായി വരുന്നില്ലെങ്കിലും ജീവനക്കാർ പല ഭാഗത്തു നിന്നുള്ളവർ ആയതിനാൽ ആൾ പെരുമാറ്റം ഉണ്ടാകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലവും അണുനശീകരണം നടത്തിയിട്ടുണ്ട്. അണുനശീകരണം നടത്തുന്നതിനായി കാസർകോട് ഫയർഫോഴ്സുമായി അധികൃതർ ബന്ധപ്പെട്ടിരുന്നെങ്കിലും തലപ്പാടി അതിർത്തിയിലെ ഡ്യൂട്ടിയിൽ ആയതിനാൽ എത്തിച്ചേരാൻ പ്രയാസമാണെന്ന് അറിയിച്ചിരുന്നു. ഇതേതുടർന്ന് സ്വന്തമായി സ്‌പ്റേ ചെയ്യാനുള്ള പമ്പും ഉപകരണങ്ങളും സാനിറ്റൈസറും വാങ്ങിച്ചാണ് അണു നശീകരണവും ശുചീകരണ നടപടികളും പൂർത്തിയാക്കിയത്.
ഭെല്ലിലെ മുഴുവൻ യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തതിനുശേഷം ചൊവ്വാഴ്ച മുതൽ കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ ആണ് തീരുമാനം. ഇന്നലെ എച്ച്.ഒ.ഡിമാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സമിതിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 33 ശതമാനം ജീവനക്കാരെ പ്രവേശിപ്പിച്ചു ഘട്ടംഘട്ടമായി കമ്പനി തുറന്നു പ്രവർത്തിക്കും.
ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ എം.ഡി, ഓഫീസർമാർക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊവിഡ് ബാധിത പ്രദേശത്തെ കമ്പനി തുറന്നു പ്രവർത്തനം ആരംഭിക്കാനുള്ള നീക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു. രണ്ട് മാസമായി അടച്ചിട്ട കമ്പനി തുറക്കുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു എച്ച്.ആർ ഹെഡ് വി. എസ് സന്തോഷ്, ഭെല്ലിലെ ഓഫീസർമാർക്ക് തലേന്ന് അർദ്ധരാത്രി മെയിൽ അയച്ചതാണ് വിവാദമായത് .
സാനിറ്റേഷൻ നടത്താനുള്ള സാധനങ്ങളുമായി ഒമ്പത് മണിക്ക് ഹാജരാകണമെന്നും നാല് മണിക്കൂർ കമ്പനി പ്രവർത്തിക്കണമെന്നും ആണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പൂട്ടിയ കമ്പനി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ തുറക്കുന്നതിനെ ജീവനക്കാർ എതിർക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കമ്പനി തുറക്കാൻ അല്ല മെയിൽ അയച്ചതെന്നും കാര്യങ്ങൾ ചർച്ച ചെയ്യാൻ എച്ച്.ഒ.ഡിമാരുടെ യോഗം വിളിക്കുകയാണ് ചെയ്തതെന്നും വിശദീകരിച്ച് രക്ഷപ്പെടാനാണ് കമ്പനി അധികൃതർ അന്ന് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |