ജറുസലേം: ഇസ്രയേലിലെ ചൈനീസ് സ്ഥാനപതിയായ ദു വെയ്‌യെ (57) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെൽ അവീവിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും കിടക്കയിലായിരുന്നു മൃതദേഹമെന്നും ഇസ്രയേൽ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മരണകാരണം വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മരണം ചൈനീസ് എംബസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ദു വെയ് ഉറക്കത്തിനിടയിലാണ് മരിച്ചതെന്നും അസ്വാഭാവികതയില്ലെന്നും ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദു വെയ് ഇസ്രയേലിൽ നിയമിതനായത്. അതിന് മുമ്പ് ഉക്രെയ്നിലെ ചൈനീസ് സ്ഥാനപതിയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.
ചൈന കൊവിഡ് വ്യാപനം കൈകാര്യം ചെയ്‍ത രീതി ഇസ്രായേൽ സന്ദർശനത്തിനിടെ വിമർശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോക്കെതിരെ ദു വെയ് പ്രതികരിച്ചിരുന്നു. പോംപെയോയുടെ പരാമർശം അപലപനീയമാണെന്നും രോഗവ്യാപനം ചൈന മറച്ചുവെച്ചിട്ടില്ലെന്നും ദു വെയ് പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |