കാസർകോട്: ''കിട്ടിയാൽ ഊട്ടി..ഇല്ലെങ്കിൽ ചട്ടി '' എന്ന് പറഞ്ഞു കൃഷിക്കിറങ്ങരുത്. നിലമറിഞ്ഞു ചെയ്യണം''- ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ പറയുന്നത് വെറുതേയല്ല. തോർത്ത് മുണ്ടുടുത്തു വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങിയാൽ ഒന്നാന്തരം കർഷകനാവും കുഞ്ഞിരാമൻ . പിന്നെ ചോദ്യവും പറച്ചിലുമെല്ലാം പാടത്തോടു തന്നെ. വേനൽമഴ പെയ്തു പാകമായ മണ്ണിലേക്ക് മുറത്തിൽ നിന്നു വിത്ത് വാരി ചുഴറ്റിയെറിയുമ്പോഴും ആ കൈകൾക്ക് നല്ല തിട്ടം: 'വെള്ളവും വളവും ഒരുപോലെ എല്ലാഭാഗത്തും ലഭിച്ചെങ്കിലേ നല്ല വിളവ് കിട്ടൂ'.
കൃഷിഭവനിൽ നിന്നു വാങ്ങിയ 'ഉമ' നെൽവിത്ത് നന്നായി വിളയുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിരാമൻ.
വെള്ളിയാഴ്ച രാത്രി ലഭിച്ച മഴയാണ് ശനിയാഴ്ച വിത്ത് പാകുന്നതിന് പ്രേരിപ്പിച്ചത്. രണ്ടു പണിക്കാരെയും ഒപ്പം കൂട്ടി. ഒരു മാസത്തിനുള്ളിൽ പിരിച്ചുനടുന്ന വിധത്തിലാണ് ഞാറ്റടി . നാലര മാസം കൊണ്ട് കൊയ്യാൻ പാകമാകും. കഴിഞ്ഞ വർഷത്തെ നഷ്ടം തിരിച്ചുപിടിക്കണമെന്ന കരുതലോടെയാണ് 15 ദിവസം വൈകി വയലിൽ ഇറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലെ തുലാവർഷത്തിൽ വിളവെല്ലാം മുങ്ങിയിരുന്നു
നിലം ഉഴുതുമറിച്ചിടാനും ഞാറു പിരിച്ചു നടാനും വെള്ളം കൃത്യമായി എല്ലാഭാഗത്തും എത്തിക്കാനും വരമ്പ് ഇടാനും കുഞ്ഞിരാമൻ പാടത്തുണ്ടാവും. കൊയ്ത്തു കഴിഞ്ഞാൽ നെല്ല് കുത്തി അരിയും തവിടും വേർതിരിച്ചെടുക്കും. പുല്ലും ശേഖരിക്കും. തവിടും പുല്ലും വീട്ടിലെ മൂന്ന് കറവപ്പശുക്കൾക്കുള്ള ആഹാരമാണ്.
അച്ഛൻ ആഗ്രഹിച്ചത്
വീടിന്റെ അടുത്തുള്ള രണ്ടേക്കറിലാണ് കെ. കുഞ്ഞിരാമന്റെ നെൽകൃഷി . എം.എൽ.എയായാലും ഇല്ലെങ്കിലും കൃഷിക്ക് നേരം കണ്ടെത്തും. ജീവിതത്തിൽ അലിഞ്ഞുചേർന്ന പാഠം. മകനെ നല്ലൊരു കൃഷിക്കാരനാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. വഴി രാഷ്ട്രീയത്തിലേക്കാെയെങ്കിലും മകൻ കൃഷി മറന്നില്ല. രാഷ്ട്രീയവും കൃഷിയും പൂരക്കളിയുമെല്ലാം കുഞ്ഞിരാമന് ഇഷ്ടം
''എന്റെ അച്ഛനും അമ്മയുമെല്ലാം കൃഷി ചെയ്ത് ജീവിച്ചവരാണ്. മനസ് വച്ചാൽ ആർക്കും നല്ല കൃഷിക്കാരാവാം. ആരെയും ആശ്രയിക്കാതെ ജീവിക്കാം''.
-കെ. കുഞ്ഞിരാമൻ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |