ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച 67കാരന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി.
കഴിഞ്ഞ 10നാണ് ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുശേഷം കൊവിഡ് സ്ഥീരികരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കി വീട്ടിലേക്ക് പോയെന്ന് മകൻ പറഞ്ഞു. 15ന് അച്ഛന്റെ മൃതദേഹം ബി.ആർ.ടി.എസ് ബസ് സ്റ്റാൻഡിൽ നിന്ന് ലഭിച്ചതായി പൊലീസ് അറിയിക്കുകയായിരുന്നു.
വൃദ്ധന് കൊവിഡ് ലക്ഷണങ്ങൾ കുറവായിരുന്നുവെന്നും അതിനാൽ ഇദ്ദേഹത്തെ 14ന് ഡിസ്ചാർജ് ചെയ്തുവെന്നുവാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോൾ പ്രകാരം ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരെ വീട്ടിൽ ഐസൊലേഷനിലാക്കിയാൽ മതിയെന്നതിനാലാണിത്.
ആശുപത്രി അധികൃതർ ഏർപ്പാടാക്കിയ വാഹനത്തിലാണ് രോഗിയെ വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതിനാൽ അടുത്തുള്ള ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു. രോഗിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |