ജോലിയില്ലാതെ നിർമ്മാണ തൊഴിലാളികൾ
കൊല്ലം: ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചിട്ടും ഭൂരിഭാഗം നിർമ്മാണ തൊഴിലാളികളും പട്ടിണിയിൽ. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതിനാൽ സർക്കാർ കരാറുകാർ പോയിട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലെ അല്ലറ ചില്ലറ പണികൾ പോലും നടക്കുന്നില്ല.
ഇപ്പോഴത്തെ വിലയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ കരാറുകാർ കടക്കെണിയിലാകും. അതിനാൽ വിലയൊന്ന് താഴ്ന്നിട്ട് പണി തുടങ്ങാമെന്ന ചിന്തയിലാണിവർ. സിമന്റ് വില കുത്തനെ ഉയർന്നതിനാൽ സ്വകാര്യ വ്യക്തികൾ വീട് നിർമ്മാണം താത്കാലികമായി നിറുത്തിയിരിക്കുകയാണ്. വിവിധ വകുപ്പുകൾ നിർബന്ധം പിടിക്കുന്ന കാലവർഷത്തിന് മുമ്പേ പൂർത്തിയാക്കേണ്ട പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഫലത്തിൽ നിർമ്മാണ മേഖലയ്ക്ക് സർക്കാർ അനുവദിച്ച ഇളവുകൊണ്ട് തൊഴിലാളികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
ഭായിമാർക്ക് പണിയില്ല
നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിലാളികളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തിയതിനാൽ ചെറുകിട നിർമ്മാണ മേഖലയിൽ അന്യസംസ്ഥാനക്കാർക്ക് കാര്യമായി തൊഴിൽ ലഭിക്കുന്നില്ല. ഇവിടുത്തുകാരായ തൊഴിലാളികൾ തന്നെ ഉള്ള ജോലികൾ ഏറ്റെടുക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ, പൊതുമരാമത്ത് അടക്കമുള്ള സർക്കാർ വകുപ്പുകളിലെ കരാറുകാരാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിക്കുന്നത്. ബില്ല് ഉടനെങ്ങും മാറി ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ പലരും പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |