വാഷിംഗ്ടൺ: റഷ്യയോടൊപ്പം കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടായിരിക്കുകയാണ് ബ്രസീലും മെക്സിക്കോയും.മെക്സിക്കോയിൽ പ്രതിദിന മരണം 100ന് മുകളിലാണ്. ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 5,177 ആയി. ബ്രസീലിലും പ്രതിദിനം നാണൂറിലേറെ പേരാണ് മരിക്കുന്നത്. അതേസമയം രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായിട്ടും പ്രസിഡന്റ് ജെയർ ബൊൽസൊനാരോ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന നിലപാടിലാണ്.
സാമൂഹിക അകലം പാലിക്കാതെ ഞായറാഴ്ച അദ്ദേഹം റാലിയും നടത്തി. ലോക്ക് ഡൗൺ നീട്ടണമെന്ന സംസ്ഥാന ഗവർണർമാരുടെ ആവശ്യവും അദ്ദേഹം
തള്ളി. അതേസമയം രോഗവ്യാപനം അതിശക്തമാണെങ്കിലും റഷ്യയിൽ പ്രതിദിന മരണം ഇപ്പോഴും 100ൽ താഴെയാണ്. ഇന്നലെ മാത്രം 8000ത്തിലധികം പേർക്ക് റഷ്യയിൽ രോഗം സ്ഥിരീകരിച്ചു.
പ്രതിസന്ധിയൊഴിയാതെ അമേരിക്ക
അമേരിക്കയിൽ പ്രതിദിന മരണസംഖ്യ 1000ത്തിന് താഴെ എത്തിയെങ്കിലും രാജ്യത്ത് പ്രതിസന്ധി ഒഴിഞ്ഞെന്ന് പറയാനാവില്ല.വൈറസ് വ്യാപനത്തിന് നേരിയ കുറവ് വന്ന സമയത്ത് തന്നെ രാജ്യത്ത് നിയന്ത്രണങ്ങൾ നീക്കാൻ ആരംഭിച്ചതാണ് വിനയായത്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സംസ്ഥാനങ്ങളിൽ വീണ്ടും രോഗവ്യാപനം കൂടുന്നതായി റിപ്പോർട്ടുണ്ട്. ആകെ മരണം - 90,978. രോഗികൾ - 15 ലക്ഷം കവിഞ്ഞു.
ഭീതി ഒഴിഞ്ഞ് യൂറോപ്പ്
24 മണിക്കൂറിനിടെ 170 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ആഴ്‍ചകൾക്ക് ശേഷമുള്ള കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. ആകെ മരണം - 34,636. രോഗികൾ - 243,695. സ്പെയിനിൽ പ്രതിദിന മരണം 100ൽ താഴെയും ജർമ്മനിയിൽ 30ൽ താഴെയും എത്തി. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ഫ്രാൻസിൽ പ്രതിദിന മരണം 400ൽ എത്തിയത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇന്നലെ മുതൽ യൂറോപ്പിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഇറ്റലിയിൽ ബാറുകൾ ഉൾപ്പെടെ പ്രവർത്തിക്കും.
കൂമോയുടെ കൊവിഡ് പരിശോധന 'ലൈവ്'
ന്യൂയോർക്ക്: കൊവിഡ് പരിശോധന നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കാനായി വാർത്തസമ്മേളനത്തിനിടെ ലൈവായി പരിശോധന നടത്തി ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോ. ലക്ഷണങ്ങൾ കാണിക്കുന്നവരോ സമ്പർക്കത്തിലേർപ്പെട്ടവരോ ഉണ്ടെങ്കിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കൂമോ അഭ്യർത്ഥിച്ചു. ശേഷം, മാദ്ധ്യമപ്രവർത്തകർ കാൺകേ, സുരക്ഷാ കവചം ധരിച്ച നഴ്‌സ് കൂമോയുടെ മൂക്കിൽ നിന്ന് പരിശോധനയ്ക്കുള്ള ശ്രവമെടുത്തു. ഇത് ലൈവായി ന്യൂയോർക്ക് ജനത ടെലിവിഷനിലൂടെയും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെയും കണ്ടു. പരിശോധനയ്ക്ക് വിധേരാവാൻ മടിക്കാണിക്കേണ്ടതില്ല. നിങ്ങൾ മിടുക്കരും അച്ചടക്കമുള്ളവരും ആയിരിക്കണം. നിങ്ങൾ നിങ്ങളെയും കുടുംബത്തെയും, ന്യൂയോർക്കിനെയും സ്‌നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം. വളരെ വേഗത്തിൽ വേദനയില്ലാതെ നടത്താവുന്നതാണ് ഈ പരിശോധന.ഞാൻ നാളെ ഇവിടെ എത്തിയില്ലെങ്കിൽ അതിനർത്ഥം എനിയ്ക്ക് കൊവിഡ് ബാധിച്ചെന്നാണ്. ഇൻഫ്‌ളുവൻസ പോലുള്ള ലക്ഷണങ്ങളുള്ളവർ മാത്രമല്ല, ജോലിയിലേക്ക് മടങ്ങിവരുന്ന ആളുകൾ, മെഡിക്കൽ - നഴ്‌സിംഗ് ഹോം ഉദ്യോഗസ്ഥർ, ജോലിസ്ഥലത്ത് പൊതുജനങ്ങളുമായി ഇടപഴകുന്നവർ എന്നിവരെ ഉൾപ്പെടുത്തി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ വിപുലീകരിച്ചിട്ടുണ്ട് - കൂമോ പറഞ്ഞു. കൊവിഡ് പരിശോധന ലൈവായി നടത്തിയ ആദ്യ രാഷ്ട്രീയ നേതാവാണ് കൂമോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |