ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം നൂറനാട് ഇടക്കുന്നം 306-ാം നമ്പർ ശാഖയിൽ ഗുരുദേവ ശിലാപ്രതിഷ്ഠ മന്ദിരത്തിന്റെ ചില്ലുകൾ അജ്ഞാതസംഘം എറിഞ്ഞുതകർത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മന്ദിരത്തിന്റെ വലതു വശത്ത് റോഡിനോടു ചേർന്നുള്ള ഭാഗത്തെ ചില്ലാണ് തകർത്തത്. മന്ദിരത്തിലേക്ക് കല്ലുകൊണ്ട് എറിഞ്ഞതിന്റെ ലക്ഷണങ്ങളുണ്ട്. ശാഖാ യോഗത്തിന്റെ പരാതിയെ തുടർന്ന് നൂറനാട് സി.ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സമീപത്തെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി.സത്യപാൽ,
മാവേലിക്കര യൂണിയൻ കൺവീനർ സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ മന്ദിരം സന്ദർശിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ചാരുംമൂട് യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ വന്ദനാ സുരേഷ്, യൂത്ത്മൂവ്മെന്റ് ചെയർമാൻ വി.വിഷ്ണു, കൺവീനർ എസ്. അനുരാജ്, രഞ്ജിത്ത് ചുനക്കര, മഹേഷ് വെട്ടിക്കോട്, ഷാൽ വിസ്മയ, ചന്ദ്രബോസ്, മാവേലിക്കര യൂണിയൻ ഭാരവാഹികളായ ജോയി, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, യോഗം മുൻ ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. അനിൽ രാജ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്ന് ശാഖായോഗം പ്രസിഡന്റ് സദാനന്ദൻ, സെക്രട്ടറി മുരളീധരൻ ഗുരുവായൂർ എന്നിവർ ആവശ്യപ്പെട്ടു. ഗുരുമന്ദിരത്തിനു നേരെ നടന്ന അക്രമത്തിൽ പുതുപ്പളളി കുന്നം ശാഖാ പ്രസിഡന്റ് എസ്.ഗിരീഷ് അമ്മ, സെക്രട്ടറി സി.എൻ. മോഹനൻ എന്നിവർ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |