കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് കുഞ്ഞിനെ കടൽ ഭിത്തിയിലിടിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മകനെ കൊലപ്പെടുത്തിയ അമ്മ ശരണ്യ, ഇതിനു പ്രേരിപ്പിച്ച കാമുകൻ നിഥിൻ എന്നിവരാണ് പ്രതികൾ. സിറ്റി പൊലീസ് അന്വേഷിച്ച കേസിൽ കുറ്റപത്രം ഇന്നലെ കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.. കാമുകനൊത്ത് ജീവിക്കാനാണ് ശരണ്യ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പരമാവധി തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച ശേഷമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊന്നതെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
മകനെ കൊല്ലാൻ ആസൂത്രണം ചെയ്ത ദിവസം അകന്നു കഴിയുകയായിരുന്ന ഭർത്താവിനെ ശരണ്യ നിർബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി താമസിപ്പിച്ചു. ഭർത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ അന്വേഷണ സംഘത്തിനോട് ആവർത്തിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ സമ്മതിച്ചത്.
മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പുലർച്ചെ മൂന്നു മണിയോടെ കുഞ്ഞിനെ അവിടെ നിന്നുമെടുത്ത് കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ ശരണ്യയും നിഥിനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തു.
ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ശരണ്യയുടെ വസ്ത്രത്തിൽ പൂഴിയുടെയും കടൽവെള്ളത്തിന്റെയും സാന്നിദ്ധ്യമുണ്ടായതും കേസിൽ നിർണായകമായി.
കൊലപാതകം ഭർത്താവിന്റെ തലയിലിട്ട് കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ പദ്ധതിയിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി 17നാണ് ശരണ്യ- പ്രണവ് ദമ്പതികളുടെ മകൻ ഒന്നര വയസ്സുകാരനായ വിയാൻ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |