അരൂർ: അരൂർ - അരൂക്കുറ്റി റോഡിൽ അരൂർ ഇല്ലത്തുപടി ബസ് സ്റ്റോപ്പിനു സമീപം കഞ്ചാവ്, മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവാക്കൾ എയ്സ് വാനിന്റെ ചില്ല് അടിച്ചു തകർത്തു. ഇവരുടെ മർദ്ദനത്തിൽ പരിക്കേറ്റ അരൂക്കുറ്റി വടുതല ജെട്ടി വാരികാട്ട് വീട്ടിൽ തൻസീർ (32), വടുതല ഹിദായത്ത് ജംഗ്ഷൻ കരിത്തംതറ വീട്ടിൽ നിസാമുദ്ദീൻ (34) എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവങ്ങൾ. ബൈക്കിലെത്തിയ യുവാവിനെ റോഡരികിൽ ചവിട്ടി വീഴ്ത്തിയതോടെയാണ് തുടക്കം. ബൈക്കുമായി യുവാവ് രക്ഷപ്പെട്ടു. തൊട്ടടുത്ത കടയിലേക്ക് എയ്സിൽ നിന്ന് പഴക്കുല ഇറക്കുകയായിരുന്ന തൻസീറിന് നേരെ, എന്തിനാണ് നോക്കിയതെന്ന് ആക്രോശിച്ചു സംഘം തിരിയുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. തടയാൻ ചെന്നപ്പോഴാണ് നിസാമുദീനും മർദ്ദനമേറ്റത്. തുടർന്ന്, തൻസീറിന്റെ ഉടമസ്ഥതയിലുള്ള എയ്സിന്റെ മുൻഭാഗത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകർത്തു. റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. തടിച്ചുകൂടിയ നാട്ടുകാരെയും വാഹന യാത്രികരെയും ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും സംഘം അര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ അരൂർ പൊലീസ് അക്രമികളെ കീഴ്പ്പെടുത്തി കയറുകൊണ്ട് കെട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഘ ർഷാവസ്ഥ നീങ്ങിയത്. ഗവ.ആശുപത്രിയിൽ കുത്തിവയ്പ് നൽകി മയക്കിക്കിടത്തിയിരിക്കുന്ന യുവാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ കഞ്ചാവിനും മദ്യത്തിനും അടിമകളാണെന്നും കേസെടുത്തതായും അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |