തിരുവനന്തപുരം: കൊവിഡിന് മുന്നിൽ പതറാതെ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ മുന്നോട്ട് നയിക്കുന്ന മന്ത്രി കെ.കെ.ശൈലജ ലോകമാദ്ധ്യമങ്ങളിലും താരമായി. കൊവിഡിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി അതിജീവിച്ചതിന്റെ അനുഭവങ്ങൾ മുൻഅദ്ധ്യാപിക കൂടിയായ കെ.കെ.ശൈലജയുടെ വാക്കുകളിലൂടെ കേൾക്കാൻ ലോകം കാതോർത്തു.
തിങ്കളാഴ്ച രാത്രി ഒൻപതിനായിരുന്നു ബി.ബി.സി വേൾഡ് ന്യൂസിൽ മന്ത്രിയുടെ തത്സമയ സംസാരം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. രാജ്യത്ത് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്ത കേരളം എങ്ങനെയാണ് ഓരോചുവടും മുന്നോട്ടുവച്ചതെന്ന് മന്ത്രി വിവരിച്ചു.
മന്ത്രിയുടെ വാക്കുകൾ:
'വുഹാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈറസ് റിപ്പോർട്ട് ചെയ്തതുമുതൽ സംസ്ഥാന ആരോഗ്യ വകുപ്പ് മുൻകരുതൽ പ്രവർത്തനങ്ങളിൽ മുഴുകി. വുഹാൻ സർവകലാശാലയിൽ നിരവധി മലയാളി വിദ്യാർത്ഥികളുണ്ട്. അവർ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നു. മേൽത്തട്ട് മുതൽ ഫീൽഡ് വരെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി. ആശുപത്രിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങളെ ബോധവൽക്കരിച്ചു. കേരളത്തിലേക്ക് വൈറസ് എത്തുംമുമ്പ് തന്നെ നേരിടാൻ സംസ്ഥാനം സജ്ജമായിരുന്നു.
നിലവിൽ വിവിധമാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും സ്‌ക്രീൻ ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റും കൂടുതൽ ആളുകൾ തിരിച്ചെത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു. എന്നാൽ, ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്.'
തിരുവനന്തപുരത്തെ വസതിയിലിരുന്നാണ് മന്ത്രി അഞ്ചുമിനിട്ട് ചർച്ചയിൽ പങ്കെടുത്തത്. ആശുപത്രികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ ആർദ്രം മിഷൻ നടത്തിയ പ്രവർത്തനങ്ങളും മന്ത്രി വിവരിച്ചു.
കഴിഞ്ഞ ആഴ്ച ബ്രിട്ടണിലെതന്നെ "ദി ഗാർഡിയൻ" ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് കേരളത്തിൻെറ കൊവിഡ് പ്രതിരോധപ്രവർത്തനം പ്രതിപാദിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |