തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. മാർക്കറ്റുകൾ പഴയതുപോലായി. ഇന്ന് പൊതുഗതാഗതം തുടങ്ങുന്നതോടെ കൂടുതൽ ജനങ്ങൾ പുറത്തേക്ക് ഇറങ്ങും. ചുരുക്കം ചില നിയന്ത്രണങ്ങൾ ഒഴിച്ചാൽ മറ്റെല്ലാം സാധാരണനിലയിലാണ്.
എല്ലാം അതിജീവിച്ചുവെന്ന തെറ്റായ ധാരണയിലാണ് ജനങ്ങൾ. കേരളത്തിൽ ഫലപ്രദമായി നടത്തിവന്ന ബ്രേക്ക് ദ ചെയിൻ കൈകഴുകൽ പലിടത്തും കാണാനില്ല. പൊലീസ് പിഴചുമത്തുമെന്ന് ഭയന്ന് എല്ലാവരും മാസ്ക്ക് ധരിക്കുന്നുണ്ട്. ജാഗ്രതകുറവ് അപകടം വരുത്തുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
12ദിവസം 140രോഗികൾ
മാർച്ച് 23ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 91പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 64,320പേർ നിരീക്ഷണത്തിലും.ഇപ്പോൾ 142പേരാണ് ചികിത്സയിൽ. കഴിഞ്ഞ 12 ദിവസത്തിനിടെ 140പേരാണ് രോഗബാധിതരായത്. പുറത്തുനിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ ആശ്വസിക്കാമെങ്കിലും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുമുണ്ട്.ജാഗ്രത കുറഞ്ഞാൽ വീടുകളിലെ നിയന്ത്രണങ്ങൾ അയയും. സമൂഹവ്യാപനത്തിന് വഴിയൊരുക്കും.
' ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകൾ നൽകിയത്. ദുരുപയോഗം ചെയ്താൽ മറ്റുരാജ്യങ്ങളിൽ കണ്ടതുപോലെ സ്ഥിതി മാറും. കടുത്തനിയന്ത്രണങ്ങളിലേക്ക് വീണ്ടും പോകേണ്ടിവരും.'
-ഡോ.മുഹമ്മദ് അഷീൽ
എക്സിക്യൂട്ടീവ് ഡയറക്ടർ,
സാമൂഹ്യസുരക്ഷാ മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |