തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട്-ഏഴ്, മലപ്പുറം-നാല്, കണ്ണൂര്‍-മൂന്ന്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ - ഒന്നു വീതവും ഇങ്ങനെയാണ് പൊസിറ്റീവായവരുടെ കണക്ക്.
ഇതിൽ 12 പേർ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്രയിൽനിന്ന് വന്ന എട്ടുപേർക്കും തമിഴ്നാട്ടിൽനിന്ന് വന്ന മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടില്ല. എന്നാൽ, സംസ്ഥാനം ഗുരുതര സ്ഥിതിയിലേക്ക് പോകുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതൽ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം. നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. മേയ് 26 മുതൽ ആരംഭിക്കും. കേന്ദ്ര ഗവൺമെന്റ് അനുമതി ലഭിച്ചതോടെയാണ് പരീക്ഷകൾ നിശ്ചയിച്ച പോലെ നടത്താൻ തീരുമാനിച്ചത്. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. വിദ്യാർത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല.
ഹോം ക്വാറൻ്റൈൻ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് ഇവിടെയാണ്. വാർഡ് തല സമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവർ ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടു. ഈ സംവിധാനം ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാൻ ആവശ്യമായ വളണ്ടിയർമാർ ഈ വാർഡുതല സമിതിയിലുണ്ടാവണം.
വാർഡ് തല സമിതിയുടെ ഘടന എങ്ങനെയാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. നമ്മുടെ നാടും ജനങ്ങളും ഈ മഹാമാരിയെ നേരിടാൻ ഒന്നിച്ചു നിൽക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ സ്ഥാപനങ്ങളുടേയോ മാത്രം ഉത്തരവാദിത്തമല്ല രോഗവ്യാപനം തടയുകയെന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |