കൊച്ചി: ലോകം അതിന്റെ ദശാസന്ധിയിൽ നിൽക്കുമ്പോൾ അറുപതാം പിറന്നാളെത്തിയതിനെ യാദൃച്ഛികമെന്ന് വിശേഷിപ്പിച്ച് നടൻ മോഹൻലാലിന്റെ ബ്ലോഗ്. ഫേസ്ബുക്ക് പേജിലൂടെയാണ് ജീവിതത്തിലെ പല ഘട്ടങ്ങളിലേക്കും തിരിഞ്ഞുനോട്ടം നടത്തിയ ബ്ലോഗ് സ്വന്തം ശബ്ദരേഖ ഉൾപ്പെടെ പുറത്തുവിട്ടത്. അഭിനയത്തിന്റെ തുടക്കം, സിനിമയിലേക്കെത്തിയത്, സിനിമയിലെ ജയപരാജയങ്ങളുടെ കാരണങ്ങൾ അങ്ങനെ പല വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ പലതും വിശ്വസിക്കാനാവുന്നില്ല. 60 വയസെന്ന നാൽക്കവലയിൽ എത്തിനിൽക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ നീ ഉൺമയാ പൊയ്യാ എന്ന ചോദ്യമാണെന്നും താരം കുറിക്കുന്നു.
പ്രസക്ത ഭാഗങ്ങൾ:
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്നു വരുന്ന ആറാംക്ലാസുകാരൻ. അവൻ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മദ്ധ്യത്തിലേക്ക് പിടിച്ചു നിറുത്തിയത്. വേളൂർ കൃഷ്ണൻകുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുൻപേ സഞ്ചരിച്ച ഒന്നായിരുന്നു എന്നുമാത്രം ഇന്ന് ഞാൻ ഓർക്കുന്നു.
അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽനിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്. നവോദയ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് എന്നെ എത്തിക്കുന്നതും സുഹൃത്തുക്കളാണ്. ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും). എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു.
കൊടുങ്കാറ്റിൽ അകപ്പെട്ട കരിയിലപോലെ ഉഴറിപ്പറക്കുകയായിരുന്നു. ആറാംക്ളാസിൽ പഠിക്കുമ്പോൾ സംഭവിച്ച ആദ്യത്തെ അഭിനയം മുതൽ ഞാൻ തിരഞ്ഞെടുത്തിട്ടുള്ളതല്ല കരിയറിൽ സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളോടും സംവിധായകരോടുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നതാണ്.
ഇച്ചാക്ക എന്ന് ലാൽ വിളിക്കുമ്പോൾ
കൊച്ചി: മോഹൻലാലിന്റെ 60ാം പിറന്നാൾ ദിനം ഏവരും ആഘോഷമാക്കിയപ്പോൾ സോഷ്യൽമീഡിയ ഏറ്റുവാങ്ങിയത് മറ്റൊരു താരത്തിന്റെ ആശംസ. എന്റെ ലാലിന് എന്ന തലക്കെട്ടോടെ മെഗാസ്റ്റാർ മമ്മൂട്ടി ഇട്ട ആശംസാവീഡിയോ. പോസ്റ്റ് ഇങ്ങനെ: 'ഞങ്ങൾ തമ്മിൽ പരിചയമായിട്ട് 39 വർഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നുവരെ. എന്റെ സഹോദരങ്ങൾ വിളിക്കുന്നതുപോലെയാണ് ലാൽ എന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്ക. ലാൽ വിളിക്കുമ്പോൾ പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളിൽ ഒരാളെന്ന തോന്നൽ. ..... ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്റെ മോളുടെ വിവാഹം, മോന്റെ വിവാഹം. ഇതൊക്കെ ലാൽ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് ഓർമ്മയുണ്ട്. സിനിമയിലെ സഹ അഭിനേതാക്കൾ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളർന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം. മലയാളത്തിന്റെ ഈ അദ്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |