
മോഹൻലാലും മമ്മൂട്ടിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ്. ചിത്രം വിഷു റിലീസായി തിയേറ്ററുകളിൽ എത്തും. എന്നാലിതാ പാട്രിയറ്റിന് മുമ്പേ മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായെത്തുന്ന ചത്താപച്ച- റിംഗ് ഓഫ് റൗഡീസിലാണ് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വാങ്ങുന്നതിന്റെ പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്ത സുഹൃത്തും. എന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞത്.
ചിത്രത്തിൽ മമ്മൂട്ടി വാൾട്ടർ എന്ന റസ്ലിംഗ് കോച്ചായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുമെന്ന വിവരവും പുറത്തുവരുന്നത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ജനുവരി 22ന് ചത്താപച്ച തിയേറ്ററുകളിൽ എത്തും.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) , പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം. റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വെയ്ഫെറർ ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യും. ശങ്കർ- ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്ന ചിത്രം കൂടിയാണ് ചത്താപച്ച. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ.ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നിഖാൻ, മുത്തുമണി, കാർമെൻ എസ്. മാത്യു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |