തിരുവനന്തപുരം: വെർച്വൽ ക്യൂ സംവിധാനമൊരുക്കാനുള്ള മൊബൈൽ ആപ്പ് തയ്യാറായാലുടൻ മദ്യവിതരണത്തിന് തയ്യാറായി ബിവറേജസ് കോർപ്പറേഷൻ. വെയർഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ നിർദ്ദേശിച്ചു. റീട്ടെയിൽ ഷോപ്പുകളിലെ മാനേജർമാരിൽ നിന്ന് ഇൻഡന്റ് ശേഖരിക്കലും, മദ്യക്കുപ്പികളിൽ ലേബൽ പതിക്കലും തുടങ്ങി.
കുടുംബശ്രീ പ്രവർത്തകരെയാണ് വെയർഹൗസുകളിൽ നിയോഗിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ എക്‌സൈസും പൂർത്തിയാക്കി.കൊച്ചിയിലെ ഫെയർകോഡ് എന്ന കമ്പനി തയ്യാറാക്കിയ ആപ്പ് നേരത്തെ പ്ളേ സ്‌റ്റോറിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. സുരക്ഷ സംബന്ധിച്ച് ഗൂഗിൾ ആവശ്യപ്പെട്ട വിശദീകരണങ്ങൾ കമ്പനി നൽകി. ഇന്നലെ വൈകിട്ട് വരെയും ഗൂഗിളിന്റെ മറുപടി ലഭിച്ചില്ല. എന്നാൽ, ആപ്പ് ഗൂഗിൾ നിരസിച്ചിട്ടില്ലെന്നും, ഏത് നിമിഷവും അംഗീകാരം ലഭിക്കാമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.
ആപ്പിന്റെ പേര് പുറത്തായ സ്ഥിതിക്ക് ,പുതിയ പേരിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആപ്പിന്റെ കാര്യം സജീവ ചർച്ചയായതിലുള്ള അതൃപ്തി ബെവ്കോ എം.ഡി സ്‌പർജൻ കുമാർ കമ്പനിയെ അറിയിച്ചു.. ആപ്പ് പുറത്തിറക്കുന്ന തീയതി അടക്കമുള്ള വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും കർശന നിർദ്ദേശം നൽകി. ആപ്പിന് അംഗീകാരം കിട്ടിയാൽ രണ്ട് മണിക്കൂറിനുള്ളിൽ മദ്യവിൽപന ആരംഭിക്കാനാവും
'മദ്യശാലകൾക്ക് മുന്നിൽ അനിയന്ത്രിത തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം .
അതുടൻ നടപ്പാവും. കമ്പനിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല'
- മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |