തിരുവനനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പാറശാല മുര്യങ്കര വെട്ടുവിള വീട്ടിൽ ജയനെന്ന സനുവിനെയാണ് (39)പൊലീസ് അറസ്റ്റ് ചെയ്തത്. മുര്യങ്കര വെട്ടുവിള വീട്ടിൽ മണിയെന്ന് വിളിക്കുന്ന സെൽവരാജിനെ (55) കൊലപ്പെടുത്തിയ കേസിലാണ് അറസ്‌റ്റ്. ഏപ്രിൽ 25ന് രാത്രി 9.30ന് മുൻ വൈരാഗ്യത്തിന്റെ പേരിൽ സെൽവരാജിനെയും സഹോദരൻ ബിനുവിനെയും ആക്രമിക്കുകയായിരുന്നു. പാറശാല റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ഇലങ്കം റോഡിലായിരുന്നു സംഭവം.
ബിനുവിന് കത്തിക്കുത്തിൽ പരിക്കേറ്റിരുന്നു.വ്യാജവാറ്റുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചെന്ന് ആരോപിച്ചും പൊലീസിലും എക്സൈസിലും വിവരമറിയിച്ചുവെന്ന വൈരാഗ്യത്തിലുമാണ് ആക്രമണം നടത്തിയത്. കൊലയ്‌ക്ക് മുമ്പ് ഇവർ തമ്മിൽ അസഭ്യം വിളിക്കുകയും ബഹളമുണ്ടാവുകയും ചെയ്തിരുന്നു . പ്രകോപിതനായ സനു കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാജവാറ്റുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
വർഷങ്ങൾക്ക് മുമ്പ് മുള്ളുവിള സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജയിലിലായിരുന്ന സനു ജാമ്യത്തിലിറങ്ങി ആഴ്ചകൾക്കുള്ളിലാണ് കൊലപാതകം നടത്തിയത്. സംഭവശേഷം ഒളിവിലായ ഇയാളെ കളിയിക്കാവിള പരുത്തിക്കുഴിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടത്താൻ ഉപയോഗിച്ച കത്തി സനുവിന്റെ വീടിന് സമീപത്തെ തെങ്ങിന്റെ ചുവട്ടിൽനിന്ന് കണ്ടെത്തി. പാറശാല എസ്.എച്ച്.ഒ റോബർട്ട് ജോണി, സബ് ഇൻസ്പെക്ടർ ശ്രീലാൽചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |