തിരുവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ നാളെ കടകളുടെ പ്രവർത്തനത്തിനും വാഹന ഗതാഗതത്തിനും സർക്കാർ ഇളവ് നൽകുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകൾ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങൾ അതിരുവിടാതെ സൂക്ഷിക്കാൻ നിരീക്ഷണത്തിന് പൊലീസും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ടാകും.
മലപ്പുറം പോലെ കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുളള സ്ഥലങ്ങളിൽ ആഘോഷപരിപാടികളും ചടങ്ങുകളും നിയന്ത്രണങ്ങൾക്ക് വിധേയമായാകും നടക്കുക. കൊവിഡ് വ്യാപനം തടയുന്നതിനായി നിലവിൽ ജില്ലാ കളക്ടറുടെ നിരോധനാജ്‍ഞ നിലനിൽക്കുന്ന ജില്ലയാണ് മലപ്പുറം.പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതൽ ആഘോഷങ്ങൾ നടക്കാനിടയുള്ള സ്ഥലം കൂടിയാണ് ഇവിടം. പള്ളികളിലും പൊതു സ്ഥലങ്ങളിലും കൂട്ടനമസ്കാരം പോലുള്ള ചടങ്ങുകൾ നടത്തരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുള്ള സാഹചര്യത്തിൽ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ ചുമതലപ്പെടുത്താനാണ് തീരുമാനം.
പെരുന്നാളിന്റെ ഭാഗമായി പള്ളികളും ഖബർസ്ഥാനുകളും സന്ദർശിക്കുന്നതും പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കണമെന്ന് വിശ്വാസികളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാർത്ഥനകളും നിസ്കാരങ്ങളും വീടുകളിൽ കുടുംബാംഗങ്ങളാെന്നിച്ച് നടത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുള്ളത്. രാവിലത്തെ പ്രാർത്ഥനകളും ചടങ്ങുകളും കഴിഞ്ഞാൽ പെരുന്നാൾ കാണൽ ചടങ്ങുകൾക്ക് ബന്ധുവീടുകളും മറ്റും സന്ദർശിക്കുന്നതിനാണ് ഞായറാഴ്ചത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. എന്നാൽ ജില്ലവിട്ടും നിലവിലെ വാഹന യാത്രയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ലാതെയുമുള്ള യാത്രകൾ അനുവദിക്കില്ലെന്നാണ് സൂചന.
കാറിലും ആട്ടോ, ടാക്സി വാഹനങ്ങളിലും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുളള യാത്രകളെ അനുവദിക്കൂ. വിദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വീടുകളിലും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലുമെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുമായി ആരും പെരുന്നാൾ സൗഹൃദ സന്ദർശനങ്ങൾ നടത്താൻ ശ്രമിക്കരുത്. ആഘോഷങ്ങൾക്കിടയിലും സാമൂഹ്യ അകലം പാലിക്കാനും ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാനും ശ്രദ്ധിക്കണം. വീടുകൾക്ക് പുറത്തിറങ്ങുന്നവരും യാത്ര ചെയ്യുന്നവരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പെരുന്നാളുമായി ബന്ധപ്പെട്ട് കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുള്ളതിനാൽ കടകളിൽ തിക്കും തിരക്കും ഒഴിവാക്കണം.
കടകളിൽ പ്രവേശിക്കും മുമ്പും, വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കണം. കടകളിലെ ജീവനക്കാരും മാസ്കും കൈയ്യുറയും ധരിക്കാനും, കടയ്ക്കുള്ളിൽ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. മിഠായി തെരുവ്, തിരുവനന്തപുരം ചാലക്കമ്പോളം എന്നിവിടങ്ങളിൽ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പച്ചക്കറി, ഇറച്ചി വ്യാപാര സ്ഥാപനങ്ങൾ, വസ്ത്ര വ്യാപാരശാലകൾ എന്നിവിടങ്ങളിൽ തിരക്ക് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും കൊവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസും ആരോഗ്യപ്രവർത്തകരും ശ്രദ്ധിക്കണം.
നാളെ ഭക്ഷണ സാധനങ്ങൾ, പഴവർഗങ്ങൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകാനാണ് ആലോചനയുള്ളത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ. ആഘോഷത്തിന്റെ ഭാഗമായി ബീച്ചുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ പാടില്ല. ഇത്തരം സ്ഥലങ്ങളെല്ലാം അടച്ചിടാനും നിരീക്ഷണത്തിലാക്കാനും പൊലീസിനും നിർദേശമുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വൈകുന്നേരം ഔദ്യോഗികമായി പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |