തിരുവനന്തപുരം : അഞ്ചൽ ഏറം വെളേശേരിൽ വീട്ടിൽ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും. പാമ്പുകളെ സംബന്ധിച്ച കാര്യങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാൾ അറിവും അനുഭവവും പരിചയസമ്പത്തുമുള്ളതിനാലാണ് പാമ്പിനെ കൊലയ്ക്ക് ഉപയോഗിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ വാവാ സുരേഷിനെ കേസിൽ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്. കേസിൽ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വാവാ സുരേഷിനോട് അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥന്റെയും കെ.ബി ഗണേഷ്കുമാർ എം.എൽ.എ , സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഉത്തരയുടെ കുടുംബാംഗങ്ങൾ എന്നിവരുടെ അഭ്യർത്ഥനകളും മാനിച്ച് സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സമയത്ത് മൊഴി നൽകും.
ഉത്രയുടെ മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനോട് ഇത് സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ചിരുന്നു. സൂരജിന്റെ അടൂരിലെ വീടിന്റെ മുകൾ നിലയിലെ റൂമിൽ വച്ച് ഉത്തരയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റ സംഭവം കേട്ടപ്പോൾ തന്നെ വാവാ സുരേഷ് സംശയം പ്രകടിപ്പിച്ചു.. അടൂരിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി മനസിലാക്കി . സൂരജിന്റെ വീടിന് സമീപമുള്ള സ്ഥലങ്ങളിൽ മുമ്പ് പാമ്പിനെ പിടിക്കാൻ പോയിട്ടുള്ള വാവാ സുരേഷിന് സൂരജിന്റെ വീടും പരിസരവും അറിയാമായിരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയും അനുസരിച്ച് അണലിവർഗത്തിൽപ്പെട്ട ഉരഗങ്ങൾ തമ്പടിക്കാറുള്ള സ്ഥലമല്ല അവിടം. വീടിന്റെ മുകൾ നിലയിലെ മുറിയോട് ചേർന്ന് മരങ്ങളോ വള്ളിപ്പടർപ്പുകളോ ഒന്നും തന്നെയില്ല.
ടൈലും മറ്റും പതിച്ച മിനുസമുളള തറകളിലൂടെ പാമ്പുകൾക്ക് വേഗത്തിലോ ഉയരത്തിലോ ഇഴഞ്ഞുകയറാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തിയ വാവാ സുരേഷ് അണലിയെ മുകൾ നിലയിൽ എത്തിച്ചതാകാമെന്ന് തറപ്പിച്ച് പറഞ്ഞു. അടൂരിലെ വീട്ടിൽ അണലിയുടെ കടിയേൽക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീടിന്റെ സ്റ്റെയർകേയ്സിന്റെ തട്ടിലും അണലിയെ കണ്ടെത്തിയിരുന്നു. കൊടും വിഷമുള്ള അണലിപോലുള്ള പാമ്പിന്റെ കടിയേറ്റാൽ ശക്തമായ വേദനയും പുകച്ചിലും അസ്വസ്ഥതകളും കാരണം എത്ര കഠിനമായ ഉറക്കത്തിലായാലും കടിയേറ്റയാൾ ഉണരും. എന്നാൽ അണലിയുടെ കടിയേറ്റ ഉത്തര മണിക്കൂറുകൾ കഴിഞ്ഞാണ് പാമ്പ് കടിച്ചതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. പാമ്പ് കടി അറിയാത്ത വിധത്തിൽ ഉത്തരയെ എന്തോ നൽകി മയക്കികിടത്തിയിരിക്കാമെന്ന സംശയത്തിനും ഇത് കാരണമായി.
ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് ഉത്രയെ അപായപ്പെടുത്തിയതാകാമെന്നും സംഭവത്തിൽ പൊലീസിൽ പരാതിപ്പെടണമെന്നും വാവാ സുരേഷ് ഉത്രയുടെ ബന്ധുക്കളോട് നിർദേശിച്ചിരുന്നു. അഞ്ചലിലെ വീട്ടിൽ ഉത്രയെ മൂർഖന്റെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലും കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടേണ്ടതുണ്ട്. ജാറിൽ അടച്ച് സൂക്ഷിച്ചിരുന്ന മൂർഖൻ ജാറിന്റെ അടപ്പ് തുറന്നാലുടൻ കടിക്കണമെന്നില്ല. പാമ്പിനെ പ്രകോപിപ്പിക്കുകയോ ഏതെങ്കിലും വിധത്തിൽ നോവിക്കുകയോ ചെയ്ത് ഉത്രയെ കടിപ്പിച്ചതാകാമെന്ന സംശയമാണ് ഇക്കാര്യത്തിലുള്ളത്. ഇതിന് പൊലീസ് കസ്റ്റഡിയിലുള്ള സൂരജ് മറുപടി നൽകേണ്ടിവരും. കൊലയ്ക്ക് ഉപയോഗിച്ച പാമ്പിനെ സൂരജ് കൊന്നു കുഴിച്ചുമൂടിയതിനെ തുടർന്ന് അതിന്റെ ശരീരം അഴുകി തുടങ്ങിയിട്ടുണ്ടാകാം.
എന്നാൽ പാമ്പിന്റെ അസ്ഥികൂടം പെട്ടെന്ന് നശിച്ചുപോകില്ല. പോസ്റ്റുമോർട്ടത്തിനിടെ അത് കേട് കൂടാതെ എടുത്താൽ ഉത്രയുടെ ശരീരത്തേറ്റ കടിയുടെ സ്ഥാനം, മുറിപ്പാടിലെ പല്ലുകൾ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോയുടെയോ വീഡിയോയുടെയോ സഹായത്തോടെ കണ്ടെത്തി പാമ്പിന്റെ അസ്ഥികൂടത്തിലെ പല്ലുകൾ പരിശോധിച്ച് ഇതേ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചതെന്ന് വിശദീകരിക്കാൻ വാവാ സുരേഷിന് കഴിയും. ഇത്തരത്തിലുള്ള വാവയുടെ കഴിവുകളും നിരീക്ഷണ പാടവവും പരിഗണിച്ചാണ് പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ ഉത്തര കൊലക്കേസിൽ നിർണായക സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |