തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഇന്ന് രാവിലെ ഒമ്പത് മുതൽ മദ്യവിൽപ്പന പുനരാരംഭിച്ചു. ബെവ്ക്യൂ ആപ്പ് വഴി ബുക്കുചെയ്തവർക്കാണ് മദ്യം ലഭിക്കുന്നത്. 877 ഇടങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്‌ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയർ വൈൻ പാർലറുകളിൽ ബിയറും വൈനും ലഭിക്കും. ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കും.
അതേസമയം, ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതിയും ഉയരുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉയരുന്നത്. പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ല. രാവിലെ ആപ്പ് ഹാങ്ങായെന്നും പരാതിയുണ്ട്. പുതുതായി ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല.
ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ്പ് ആളുകള്‍ ലോഡ്‌ചെയ്യുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബെവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായിരുന്നില്ല. ഒടിപി (വൺ ടൈം പാസ്‌വേഡ്) ലഭിക്കാത്തതായിരുന്നു കാരണം. ഇതിനൊപ്പം ബാറുടമകൾക്ക് യൂസർനെയിമും പാസ് വേഡും ലഭിച്ചിട്ടില്ലെന്ന് അക്ഷേപമുണ്ട്. എന്നാൽ ഈ സാങ്കേതിക പ്രശ്നങ്ങൾ വളരെവേഗം പരിഹരിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. മൂന്നുലക്ഷത്തോളം പേർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ആപ്പിലൂടെമാത്രമുള്ള ബുക്കിംഗ് ഒരുലക്ഷം കടന്നു.
ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറന്നത്. ഇന്നലെ വൈകിട്ട് 7 മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വെർച്വൽക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കൺസ്യൂമർഫെഡ് ഉൾപ്പടെ മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾ ഈ തുക ബെവ്കോയ്ക്ക് നൽകണം. ഉപഭോക്താക്കൾക്ക് ബുക്കിംഗ് ചാർജില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |