കോഴിക്കോട്: 'മാതൃഭൂമി' എം.ഡിയും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത്. നിലവിൽ രാജ്യഭാംമായ വിരേന്ദ്ര കുമാർ കോഴിക്കോട് നിന്നുമുള്ള മുൻ ലോക്സഭാ അംഗം കൂടിയാണ്. ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം തത്വചിന്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
എൽ.ഡി.എഫ് രൂപീകരിച്ച കാലത്ത് മുന്നണിയുടെ ആദ്യ കൺവീനർ എം.പി വീരേന്ദ്രകുമാർ ആയിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ ഒരാളായി പ്രവർത്തിച്ച വീരേന്ദ്രകുമാർ മുൻ മദ്രാസ് നിയമസഭാംഗമായിരുന്ന പദ്മപ്രഭ ഗൗണ്ടറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22നാണ് വയനാട് കൽപ്പറ്റയിലെ പ്രശസ്തമായ ജൈന കുടുംബത്തിൽ ജനിക്കുന്നത്.
അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റിലായ അദ്ദേഹം 1987 മുതൽ 91 വരെ കേരളാ നിയമസഭാംഗം കൂടിയായിരുന്നു. 1996ലാണ് അദ്ദേഹം പാർലമെന്റിലേക്ക് എത്തുന്നത്. പിന്നീട് കേന്ദ്ര തൊഴിൽ സഹ മന്ത്രിയായും ധനമന്ത്രിയായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ രചനയായ 'ഹൈമവതഭൂവിൽ' കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഉഷ വീരേന്ദ്രകുമാർ ആണ് ഭാര്യ. മാതൃഭൂമി ജോയിന്റ് എം.ഡിയും മുൻ എം.എൽ.എയുമായ എം.വി ശ്രേയാംസ് കുമാർ, എം.വി ആശ, എം.വി നിഷ, എം.വി ജയലക്ഷ്മി എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |