കയ്പമംഗലം: ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന യുവാവിനെ തടഞ്ഞ് നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസിലെ പ്രതിയും, കയ്പമംഗലം സ്റ്റേഷൻ റൗഡിയെന്ന് അറിയപെടുകയും ചെയ്യുന്ന ചെന്ത്രാപ്പിന്നി ഏറാക്കൽ സൂരജിനെയാണ് കയ്പമംഗലം എസ്.ഐ കെ.എസ് സുബിന്ത് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് തടത്തിൽ വിശ്വംഭരൻ മകൻ ശരത്തിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പ്രദേശത്ത് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്ന പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. കുറ്റകൃത്യം നടത്തിയതിന് ശേഷം തമിഴ്‌നാടടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും, മറ്റ് ജില്ലകളിലും ഒളിവിൽ പോകുകയാണ് പ്രതിയുടെ രീതി. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിൽ എസ്.ഐ റോയ് ഏബ്രഹാം, എ.എസ്.ഐമാരായ അബ്ദുൾ സലാം, സജിപാൽ, എസ്.സി.പി.ഒ വഹാബ്, സി.പി.ഒമാരായ വിപിൻദാസ്, രാജേഷ്, കിരൺ, പ്രജിത്ത്, രാഹുൽ, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |