പാലക്കാട്: രണ്ടാംവിള നെല്ല് സംഭരണത്തിൽ സപ്ലൈകോ മില്ലുകാർ വഴി ഒരു ചാക്കിന് ആറ് രൂപ നിരക്കിൽ കർഷകർക്ക് നൽകേണ്ട കൈകാര്യ ചെലവ് ജില്ലയിലെ ഭൂരിഭാഗം ആളുകൾക്കും ലഭിച്ചില്ല.
സംഭരണത്തിൽ മില്ലുകളുടെ ഇടനിലക്കാരായി കർഷകരിൽ നിന്ന് നെല്ലെടുക്കാൻ എത്തുന്നവർ തുക കൈപ്പറ്റിയിരുന്നു. പക്ഷേ, അത് യഥാക്രമം കർഷകരുടെ കൈകളിലേക്കെത്തിയില്ല. 50 കിലോയുടെ ചാക്കിന് 20 മുതൽ 23 രൂപ വരെയാണ് നെല്ലെടുപ്പ് സമയത്ത് കയറ്റിയിറക്ക് തൊഴിലാളികൾ കൂലി ഈടാക്കുന്നത്. ഇതിന്റെ ഒരു വിഹിതമാണ് (ആറുരൂപ) മില്ലുകാർ വഴി കർഷകർക്ക് അനുവദിച്ചത്. ഇത് നൽകാൻ പോലും ഇടനിലക്കാർ തയ്യാറാകുന്നില്ല.
ഉല്പാദനം കണക്കാക്കുമ്പോൾ ഒരു പാടശേഖര സമിതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈ ഇനത്തിൽ ഇടനിലക്കാരൻ സമ്പാദിക്കുന്നു. കോട്ടായി, മാത്തൂർ, ചുങ്കമന്ദം, കുത്തന്നൂർ മേഖലയിലെ നിരവധി കർഷകർക്ക് ഇത്തരത്തിൽ കൈകാര്യ ചെലവ് തുക ലഭിച്ചിട്ടില്ല.
കയറ്റുകൂലി ഈടാക്കരുത്
പാലക്കാട്: നെല്ലുസംഭരണ സമയത്ത് കയറ്റുകൂലി കർഷകരിൽ നിന്ന് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയറ്റുകൂലി ഈടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് വിവിധ കർഷക സംഘടന പ്രതിനിധികളായ മുതലാംതോട് മണി, കെ.വേണു, കെ.ശിവാനന്ദൻ, വി.ശിവദാസൻ, വി.എസ്.സജീഷ്, തോമസ് ജോൺ, ബി.ശശികുമാർ എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റുമാരായ കെ.രാംകുമാർ, ആർ.എസ്.അശ്വിനി ശങ്കർ, ജി.രഞ്ജിത്ത്, എസ്.എം.പ്രശാന്ത്, ടി.രാമപ്രസാദ് ഉണ്ണി, ടി.എം.അരവിന്ദ് ഹാജരായി.
വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണം. കർഷകരിൽ നിന്ന് കയറ്റുകൂലി ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം.
-സജീഷ് കുത്തനൂർ, ജില്ലാ സെക്രട്ടറി, കർഷക മുന്നേറ്റം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |