തിരുവനന്തപുരം: സർവീസ് കാലം മുഴുവൻ വിവാദ പുരുഷനായിരുന്ന മുതിർന്ന ഐ.പി.എസ്. ഓഫീസർ ഡി.ജി.പി ജേക്കബ് തോമസ് തന്റെ വിരമിക്കൽ ദിനത്തിൽ ഓഫീസിൽ നിന്ന് പടിയിറങ്ങിയതും വിവാദമുണ്ടാക്കിത്തന്നെ. അർഹിക്കുന്ന പദവികൾ നൽകാതെ പീഡിപ്പിച്ച സർക്കാർ നിലപാടിനെതിരെ അവസാന സർവീസ് ദിനം ഒാഫീസ് മുറിയിൽ നിലത്ത് പായവിരിച്ച് കിടന്നുറങ്ങി ആ ചിത്രം ഫേസ് ബുക്കിലിട്ടാണ് അദ്ദേഹം പ്രതിഷേധിച്ചത്. സംഭവം സർക്കാരിന് നാണക്കേടായി.
മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എം.ഡിയുമായി വിരമിക്കുന്ന ഡി.ജി.പി ജേക്കബ് തോമസ് ഷൊർണൂരിലെ ഓഫിസിലെ നിലത്ത് പായ വിരിച്ചാണു തന്റെ സർവീസിന്റെ അവസാന ദിനം കിടന്നുറങ്ങിയത്.
ഞായറാഴ്ച അവധി ദിനമാണെങ്കിലും അവസാന ദിവസവും പണിയെടുത്താണ് വിരമിച്ചത്. അവസാന പ്രവൃത്തിദിവസമായ ശനിയാഴ്ച ഓഫിസിലെത്താതെ, സഹപ്രവർത്തകരുടെ യാത്രഅയപ്പില്ലാതെയാണു ജേക്കബ് തോമസ് പടിയിറങ്ങുന്നത്.
101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്ന, രാഷ്ട്രീയാർഥം ഒളിപ്പിച്ച പ്രസ്താവനയോടെയാണു ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസിൽ ചുമതലയേറ്റത്. വിജിലൻസ് ഡയറക്ടറായിരിക്കെ സസ്‌പെൻഷനിലായി. പിന്നീട് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചെത്തിയപ്പോഴായിരുന്നു നിയമനം. അന്നുവരെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ വഹിക്കാത്ത പദവിയായിരുന്നു അത്.
മൂന്നോ നാലോ തവണ മാത്രമാണ് ഓഫിസിലെത്തിയതെങ്കിലും 'പരശുരാമന്റെ മഴു' എന്ന ഉത്പന്നമുണ്ടാക്കി ശ്രദ്ധ നേടി.വിരമിക്കുന്ന ദിവസം വരെ പദവിയിൽ തുടർന്നെങ്കിലും പടിയിറങ്ങുന്നതിനു തലേന്ന്, വിജിലൻസ് കേസ് തുടരാനുള്ള കോടതി വിധിയും വന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖ പ്രകാരം പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണു ഹൈക്കോടതി വാക്കാൽ വിലയിരുത്തിയത്.കേസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഹർജി ജൂലായിലേക്കു മാറ്റി.
മുഖ്യമന്ത്രിയിൽ ഇനിയും
പ്രതീക്ഷ
ഷൊർണൂർ: 'അഴിമതി രഹിതമായായിരുന്നു സംസ്ഥാന സർക്കാരിന്റെ തുടക്കം. പിന്നീട് ആ നിലപാടിൽ നിന്ന് പുറകോട്ട് പോയി. എന്നാലും തെറ്റുതിരുത്താൻ ഇനിയും സമയമുണ്ടെ"ന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കും. വരും ദിവസം പുസ്തകമെഴുതും.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിവനുസരിച്ച് കാര്യങ്ങൾ നിർവഹിക്കുന്നു. പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെറ്റൽ ഇൻഡസ്ട്രീസിന്റെ മുറ്റത്ത് വൃക്ഷതൈ നട്ടാണ് അദ്ദേഹം പടിയിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |