തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് മുൻചീഫ് സെക്രട്ടറി ടോം ജോസും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും പത്തനംതിട്ടയിലേക്ക് നടത്തിയ ഹെലികോപ്ടർ യാത്ര വിവാദമായി. പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ആകാശനിരീക്ഷണവും ഇവർ നടത്തി.
നിലയ്‌ക്കലിലെ പ്രളയ പ്രതിരോധ ഒരുക്കം വിലയിരുത്താനും കഴിഞ്ഞ പ്രളയസമയത്ത് പമ്പയിൽ നിന്ന് നീക്കം ചെയ്ത മണൽശേഖരത്തിന്റെ വില്പന പ്രശ്നങ്ങൾ പരിഹരിക്കാനും വേണ്ടിയായിരുന്നു യാത്ര എന്നാണ് വിശദീകരണം.
മണൽ പ്രശ്നവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലെ ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയെങ്കിലും വനം മന്ത്രി കെ.രാജുവിന് ഇതേക്കുറിച്ച് അറിവില്ലായിരുന്നു.
സ്ഥാനമൊഴിയുന്നതിന് മുമ്പ് സർക്കാർ ചെലവിൽ ടോം ജോസിനുവേണ്ടിയുള്ള ഉല്ലാസയാത്രയായിരുന്നു ഇതെന്നാണ് ആക്ഷേപം.
വിരമിച്ച ടോം ജോസിനെ കൊവിഡ് നിയന്ത്രണത്തിന്റെ ചുമതല ഏൽപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് യാത്രാവിവാദം. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ‌് (TIAL) എന്ന കമ്പനിയുടെ മേധാവിയാക്കുമെന്നും അഭ്യൂഹമുണ്ട്.
കമന്റ്
മണൽ പ്രശ്നത്തിൽ നിലയ്ക്കലിൽ അടിയന്തരയോഗം വിളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടതായിരുന്നു.
കെ. രാജു,
വനംവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |