മുംബയ്: ചടുലതാളങ്ങൾ കൊണ്ട് ബോളിവുഡിനെ ഇളക്കി മറിച്ച സംഗീതസംവിധായകനും ഗായകനുമായ വാജിദ് ഖാൻ(42) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംഗീതസംവിധായകൻ സലിം മർച്ചന്റാണ് വാജിദിന്റെ വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. വൃക്കരോഗത്തെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന വാജിദിനെ രോഗം ഗുരതരമായതിനെ തുടർന്ന് നാലുദിവസം മുമ്പാണ് മുംബയിലെ സുറാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.
സഹോദരൻ സാജിദിനൊപ്പം 1998ൽ ഇറങ്ങിയ സൽമാൻ ഖാൻ ചിത്രമായ പ്യാർ കിയാ തോ ഡർന ക്യായിലെ തേരി ജവാനി എന്ന ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയാണ് വാജിദ് ബോളിവുഡിൽ ചുവടുറപ്പിച്ചത്. പിന്നീട് സാജിദ് - വാജിദ് സഹോരന്മാർ സൽമാൻ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരായി. ഡബാംഗിലെ മുന്നി ബദ്നാം ഹുയി.., എക് ഥാ ടൈഗറിലെ മാഷാള്ള.., ചഷ്മേ ബദ്ദൂറിലെ ഹർ എക്ക് ഫ്രണ്ട്.., മുജ്സേ ഷാദി കരോഗേയിലെ ലാൽ ദുപ്പട്ട.. അങ്ങനെ തന്റെ പ്രിയപ്പെട്ട സഹോദരനോടൊപ്പം വാജിദ് പ്രശസ്തമാക്കിയ ഗാനങ്ങൾ അനവധിയാണ്. പാർട്നർ എന്ന ചിത്രത്തിലെ സോനി കേ നഖ്‌രേ.. എന്ന ഗാനം പാടിക്കൊണ്ട് 2005 മുതൽ പിന്നണി ഗാനരംഗത്തും വാജിദ് സജീവമായി. വാണ്ടഡിലെ ലവ് മീ, കൽ കിസ്നേ ദേഖായിലെ തേരേ ബിനാ, തൂത്തക്ക് തൂത്തക്ക് തൂത്തിയയിലെ ചൽ മാർ എന്നിങ്ങനെ അനവധി ഗാനങ്ങളിലൂടെ താനൊരു മികച്ച ഗായകനാണെന്നും വാജിദ് തെളിയിച്ചു. സത്യ മേവ ജയതേ എന്ന ചിത്രത്തിലെ തജ്ദാർ ഇ ഹരാം എന്ന ഖവാലി ഇരു സഹോദരങ്ങളും ചേർന്നാണ് പാടിയത്. ഇത് ഇന്ത്യയെമ്പാടും വൻ ഹിറ്റായി മാറി. ആഗ്, നിശബ്ദ്, വാണ്ടഡ് എന്നിങ്ങനെ ഏഴോളം ചിത്രങ്ങൾക്ക് ഗാനരചനയും നടത്തിയിട്ടുണ്ട് സാജിദ് -വാജിദ് സഹോദരന്മാർ. സൂഫി സംഗീതത്തിലായിരുന്നു ഇരുവർക്കും താത്പര്യം. എന്നാൽ, അടിപൊളി പാട്ടുകൾ ഒരുക്കുന്നതിലും കഴിവ് തെളിയിച്ചു. ത്രി ദേവ് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സംസ്കാരം അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മുംബയിലെ വെർസോവ ശ്മശാനത്തിൽ നടത്തി. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |